Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിനു സ്തൂപം നിർമിച്ചതിന് എസ്എഫ്ഐക്കാർക്കും മറ്റുമെതിരെ കേസ്

jishnu-pranoy ജിഷ്ണു പ്രണോയി

തിരുവില്വാമല (തൃശൂർ) ∙ ജിഷ്ണു പ്രണോയിയുടെ ചരമവാർഷികത്തോടനുബന്ധിച്ചു സ്തൂപ നിർമാണം നടത്തിയതിന് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർക്കെതിരെ എഐടിയുസി പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തു. ദുരൂഹ സാഹചര്യത്തിൽ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിൽ മരിച്ച ജിഷ്ണുവിന്റെ ചരമവാർഷികദിനാചരണത്തിനു വേണ്ടി സ്തൂപം നിർമിക്കാനായിരുന്നു പദ്ധതി. പാമ്പാടി എഐടിയുസി ഓഫിസിനു സമീപം പെരിങ്ങോട്ടുകുറിശി റോഡരികിൽ പൊതുസ്ഥലത്ത് നടത്തിയ സ്തൂപ നിർമാണം പൊലീസ് തടഞ്ഞു. സംഘർഷമുണ്ടാകുമെന്നറിഞ്ഞിട്ടും സ്തൂപം നിർമാണമാരംഭിച്ചതിനാണു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എസ്.ഉണ്ണിക്കൃഷ്ണൻ, മേഖലാ സെക്രട്ടറി ദിലീപ്കുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശരത് ചന്ദ്രൻ എന്നിവരുൾപ്പെടെ അൻപതോളം പേർക്കെതിരെ കേസെടുത്തത്. 

തങ്ങളുടെ ഓഫിസിനോടു ചേർന്നുള്ള സ്തൂപ നിർമാണത്തിനെതിരെ എഐടിയുസി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഎം– സിപിഐ പ്രവർത്തകർ തമ്മിൽ വർഷങ്ങളായി അസ്വാരസ്യം നിലനിൽക്കുന്ന മേഖലയാണു പാമ്പാടി. പൊലീസിന്റെ നേതൃത്വത്തിൽ സമവായത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്തു സ്തൂപ നിർമാണം എഐടിയുസി യൂണിയൻ ഓഫിസിനു സമീപത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ–എസ്എഫ്ഐ പ്രവർത്തകർ തയാറായില്ലെന്ന് എസ്ഐ പി.കെ.ദാസ് പറഞ്ഞു.