Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി കുംഭകോണം: സിബിഐ വരണമെന്ന് കുമ്മനം രാജശേഖരൻ

kummanam-rajasekharan-image-8

മൂന്നാർ ∙ നീലക്കുറിഞ്ഞി ഉദ്യാനത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കുംഭകോണമാണെന്നും ഇതെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നീലക്കുറിഞ്ഞി ഉദ്യാന പ്രദേശമായ വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലെ 58, 62–ാം നമ്പർ ബ്ലോക്കുകളിലെ കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.

നീലക്കുറിഞ്ഞികൾക്ക് തീയിട്ടത് ഭീകരവാദികളാണ്. ഇടുക്കി എംപി ജോയ്‌സ് ജോർജിന്റെ ഉടമസ്ഥതയിലുള്ള വിവാദ ഭൂമിയിൽ നീലക്കുറിഞ്ഞിയില്ലെന്ന മന്ത്രിമാരുടെ നിലപാട് കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്. കയ്യേറ്റ പ്രദേശത്ത് ഒരു മന്ത്രി പോലും വന്നിട്ടില്ല. ഇവിടെ വ്യാപക കയ്യേറ്റമുണ്ട്. ഒരു കൃഷിക്കാരനെ പോലും ഈ പ്രദേശത്തു കണ്ടില്ല. ഉദ്യാനത്തിന്റെ വിസ്‌തൃതി തിട്ടപ്പെടുത്താൻ ഉടൻ സർവേ നടത്തണം. ഇവിടെ കുറിഞ്ഞി ഉദ്യാനമല്ല, യൂക്കാലി ഉദ്യാനമാണ്. യൂക്കാലി കൃഷി ഈ പ്രദേശത്ത് പൂർണമായും നിരോധിക്കണമെന്നും കുമ്മനം പറഞ്ഞു. വട്ടവട പഞ്ചായത്തിനു മാത്രമായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊട്ടാക്കമ്പൂരിൽ ജോയ്‌സ് ജോർജ് എംപി ഉൾപ്പെടെയുള്ളവരുടെ സ്‌ഥലങ്ങളാണ് എൻഡിഎ സംഘം ഇന്നലെ സന്ദർശിച്ചത്. വട്ടവടയിൽ കർഷകരുമായി കൂടിക്കാഴ്‌ച നടത്തി. എൻഡിഎ നേതാക്കളെ കോവിലൂരിൽ ബിജെപി പ്രവർത്തകർ സ്വീകരിച്ചു. 

എൻഡിഎ കോഓർഡിനേറ്റർ പി.കെ. കൃഷ്‌ണദാസ്, അംഗങ്ങളായ വി. ഗോപകുമാർ, രാജൻ കണ്ണാട്ട്, സി.കെ. ജാനു, തെക്കൻ സുനിൽകുമാർ, എ.എൻ. രാജൻ ബാബു, കെ.കെ. പൊന്നപ്പൻ, കുരുവിള മാത്യൂസ്, രമാ ജോർജ്, വി.വി. രാജേന്ദ്രൻ, എം.പി. ജോയ്, ബിജെപി സംസ്‌ഥാന സെക്രട്ടറി എ.കെ. നസീർ, സംസ്‌ഥാന സമിതി അംഗം പി.എ. വേലുക്കുട്ടൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി, ജെയ്‌സ് ജോൺ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 

എൻഡിഎ സംഘാംഗം നീലക്കുറിഞ്ഞി പിഴുതു

മൂന്നാർ ∙ നീലക്കുറിഞ്ഞി ഉദ്യാന പ്രദേശം കാണാനെത്തിയ എൻഡിഎ സംഘത്തിലെ ഒരംഗം നീലക്കുറിഞ്ഞി പിഴുതെടുത്തു. പൊലീസ് ഇടപെട്ടപ്പോൾ കളഞ്ഞു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എത്തുന്നതിനു മുൻപു സ്ഥലത്തെത്തിയ ജനാധിപത്യ രാഷ്‌ട്രീയ സഭ ഇടുക്കി ജില്ലാ പ്രസിഡന്റ് ജോൺസൺ കുര്യനാണ് നീലക്കുറിഞ്ഞി പിഴുതെടുത്തത്. മറ്റു ചില പ്രവർത്തകർ നീലക്കുറിഞ്ഞിപ്പൂവുകൾ പറിച്ചതായും പരാതിയുണ്ട്. നീലക്കുറിഞ്ഞി പിഴുതെടുക്കുന്നത് വന സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും സംഭവം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചു.