Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം: നേതൃത്വം നൽകാൻ ഐഎൻടിയുസി

കൊച്ചി ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ സമരം ശക്തിപ്പെടുത്താനും അതിനു നേതൃത്വം നൽകാനും ഇവിടെ ചേർന്ന ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി തീരുമാനിച്ചു. ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിനു താക്കീത് നൽകാൻ ഒരാഴ്ച നീളുന്ന പണിമുടക്കു നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഐഎൻടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്‌ഡി പറഞ്ഞു. മറ്റു ട്രേഡ് യൂണിയനുകളുമായി ആലോചിച്ചു തീയതികൾ നിശ്ചയിക്കും. 

രാജ്യത്തെ 93% തൊഴിലാളികളും അസ്‌ഥിരമായതോ സുരക്ഷയില്ലാത്തതോ ആയ തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവരാണ്. അവകാശങ്ങളോ മിനിമം കൂലിയോ സാമൂഹിക സുരക്ഷയോ ഇല്ലാതെ ആധുനിക അടിമത്തമാണ് ഇവിടങ്ങളിൽ നടക്കുന്നത്. കോർപറേറ്റുകളും ബിസിനസ് അസോസിയേഷനുകളും കണക്കില്ലാത്ത പണമുപയോഗിച്ചു ജനപ്രതിനിധികളെയും ഉദ്യോഗസ്‌ഥരെയും വിലയ്‌ക്കെടുക്കുകയും തൊഴിലാളി വർഗത്തിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്യുന്നു. 

70 ശതമാനത്തിലേറെ വ്യവസായ സ്‌ഥാപനങ്ങളെയും അവിടങ്ങളിലെ തൊഴിലാളികളെയും ഒട്ടുമിക്ക തൊഴിൽ നിയമങ്ങളുടെയും പരിധിയിൽ നിന്നൊഴിവാക്കി. ട്രേഡ് യൂണിയൻസ് ആക്ട്, ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് ആക്ട് ആൻഡ് ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ട്, പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, ബോണസ് ആക്ട്, മിനിമം വേജസ് ആക്ട്, ഈക്വൽ റെമ്യൂണറേഷൻ ആക്ട് തുടങ്ങിയ 44 നിയമങ്ങൾ ഇല്ലാതാക്കുകയോ ലേബർ കോഡുകളുമായി ലയിപ്പിക്കുകയോ ചെയ്തു. ഇത് തൊഴിൽ മേഖലയിൽ കടുത്ത അരക്ഷിതാവസ്‌ഥയ്‌ക്കും തൊഴിൽ പീഡനത്തിനും ഇടയാക്കും.

പൊതുമേഖല വിറ്റഴിക്കാൻ സർക്കാരിന് അധികാരമില്ല: സഞ്ജീവ റെഡ്ഡി

കൊച്ചി ∙ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ.ജി. സഞ്ജീവ റെഡ്ഡി. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അംഗീകരിക്കില്ല. ഇവിടെ സർക്കാർ മുതൽ മുടക്കിയ പണം മൂന്നിരട്ടിയിലേറെ പലവിധത്തിൽ തിരികെ ലഭിച്ചു. 

തൊഴിലാളികളുടെയും ജനങ്ങളുടെയും സ്വത്താണു പൊതുമേഖലാ സ്‌ഥാപനങ്ങൾ. പത്തുവർഷത്തിലേറെയായി കനത്ത നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്‌ഥാപനങ്ങൾ സർക്കാരിനു വേണമെങ്കിൽ സ്വകാര്യവൽക്കരിക്കാം. അതും സ്‌ഥാപനത്തിന്റെ നിലനിൽപിനു വേണ്ടി മാത്രമാകണം. കരാർ നിയമനങ്ങൾ അടിയന്തരമായി നിർത്തലാക്കണമെന്നും കരാർ തൊഴിലാളികളെ  സ്‌ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഐഎൻടിയുസി രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങും.