Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുനെസ്കോ പൈതൃകകലാ പട്ടികയിൽ ഇടം പിടിക്കാൻ സ്കൂൾ കലോത്സവം

State School youth Fest

തൃശൂർ ∙ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം യുനെസ്കോയുടെ പൈതൃക കലാപദവി നേടാൻ ചുവടുവയ്ക്കുന്നു. കലോത്സവത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്ന അപേക്ഷ വിദ്യാഭ്യാസ വകുപ്പ് യുനെസ്കോ അധികൃതർക്കു കൈമാറി. തുടർ നടപടികൾക്കു കാത്തിരിക്കുകയാണെന്നു മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവത്തിലെ ഇനമായ കൂടിയാട്ടത്തിനു യുനെസ്കോയുടെ പൈതൃക പദവിയുണ്ട്. 

വിവിധ തലങ്ങളിലായി പതിനായിരക്കണക്കിനു വിദ്യാർഥികൾ കലോത്സവത്തിൽ കലാമികവു തെളിയിക്കുന്നുണ്ട്. പൈതൃകപ്പട്ടികയിൽ ഇടംപിടിക്കേണ്ട ഒട്ടേറെ പാരമ്പര്യകലകളുടെ സമ്മേളനമെന്ന പ്രത്യേകതയുമുണ്ടെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹരിത പ്രോട്ടോക്കോൾ പ്രകാരമുള്ള നടത്തിപ്പ്, സംഘാടനത്തിലെ മികവ് ഇവയെക്കുറിച്ചും പരാമർശിക്കുന്നു.

ലോക പൈതൃകപദവി നൽകുന്നതിനു കൃത്യമായ മാനദണ്ഡം യുനെസ്കോയ്ക്കുണ്ട്. 21 അംഗ സമിതിയാണ് അംഗീകാരത്തിനു ശുപാർശ ചെയ്യുക. ലോക സാംസ്കാരിക പട്ടികയിൽ ഇടം നേടിയാൽ വിനോദസഞ്ചാര ഭൂപടത്തിലും കലോത്സവം ഇടം പിടിക്കും. ടൂറിസം വളർച്ചയ്ക്കും ഗുണം ചെയ്യും. കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ യുനെസ്കോയുടെ സംഘമെത്തുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു.