Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെൽപാം എംഡി സ്ഥാനത്തുനിന്നു സജി ബഷീറിനെ പുറത്താക്കി

saji-basheer

തിരുവനന്തപുരം∙ അഴിമതിക്കേസുകളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന സജി ബഷീറിനെ കെൽപാം മാനേജിങ് ‍ഡയറക്ടർ സ്ഥാനത്തു നിന്നു പുറത്താക്കി. വ്യവസായ മന്ത്രി എ.സി.മൊയ്തീന്റെ നിർദേശത്തെ തുടർന്നാണു വ്യവസായ സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സിഡ്കോ മാനേജിങ് ഡയറക്ടർ ആയിരിക്കെ ഒട്ടേറെ വിജിലൻസ് കേസുകളിൽ പ്രതിയായിരുന്ന സജി ബഷീറിനെ കെൽപാം എംഡി സ്ഥാനത്തു നിയമിച്ചതു വിവാദമായിരുന്നു. ഇക്കാര്യത്തിൽ വ്യവസായ വകുപ്പ് ഒത്തുകളിച്ചതായി ആരോപണം ഉയർന്നു. എന്നാൽ അഴിമതിക്കേസുകളുടെ പേരിൽ സിഡ്കോ എംഡി സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട സജിക്കു ഹൈക്കോടതി വിധി അനുസരിച്ചാണു നിയമനം നൽകിയത് എന്നായിരുന്നു വ്യവസായ വകുപ്പിന്റെ വാദം.

സജിക്കെതിരെയുള്ള കേസുകളെക്കുറിച്ചു കോടതിയെ യഥാസമയം ധരിപ്പിക്കാൻ സർക്കാരിനു സാധിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണു വ്യവസായ മന്ത്രി ഫയൽ വിളിപ്പിച്ചത്. എംഡി സ്ഥാനത്തു നിന്നു നീക്കിയ സജിക്കു പകരം നിയമനം നൽകിയിട്ടില്ല. സജിക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

കേരള ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രഫിക് സെന്ററിൽ നിന്നാണ് സജി ഡപ്യുട്ടേഷനിൽ സിഡ്കോയിലെത്തിയത്. ചട്ടങ്ങൾക്കു വിരുദ്ധമായിട്ടായിരുന്നു അവിടത്തെ നിയമനം. ഈ സാഹചര്യത്തിൽ തുടർന്നു കെഎസ്ഐഇയുടെ എംഡിയായി മാറ്റി നിയമിച്ചു. അവിടെ നിന്നാണ് കെൽപാമിലെത്തിയത്. അഞ്ചു വിജിലൻസ് കേസും രണ്ട് വിജിലൻസ് അന്വേഷണവും 28 ത്വരിതാന്വേഷണവും സജിക്കെതിരെയുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്നുമാണ് വിജിലൻസ് ഡയറക്ടർ സർക്കാരിനെ അറിയിച്ചത്. സജിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടികളുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരുന്നത്.