Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി ഉദ്യാനം: പട്ടയം ഉള്ളവരെ സംരക്ഷിക്കുന്നതിനു സംയുക്ത പരിശോധന

തിരുവനന്തപുരം∙ നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലെ പട്ടയം ഉള്ളവരെ സംരക്ഷിക്കുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. സ്ഥലം സന്ദർശിച്ച റവന്യൂ, വനം, വൈദ്യുതി മന്ത്രിമാർ സ്വന്തം നിലയിൽ വ്യത്യസ്ത റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്കു നൽകിയ സാഹചര്യത്തിൽ പൊതു ധാരണ ഉണ്ടാക്കുന്നതിനാണു മൂന്നു മന്ത്രിമാരുടെയും യോഗം ഇന്നലെ രാത്രി മുഖ്യമന്ത്രി വിളിച്ചുചേർത്തത്.

ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലായിരുന്നു ചർച്ച. മന്ത്രിമാർക്കു സംയുക്ത റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചില്ലെങ്കിലും സമാനമായ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് അറിയുന്നു. സെറ്റിൽമെന്റ് ഓഫിസർ എന്ന നിലയിലാണ് സബ് കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുക. പ്രാഥമിക വിജ്ഞാപനത്തിൽ കുറിഞ്ഞി ഉദ്യാനം 3200 ഹെക്ടർ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ റവന്യൂ വകുപ്പ് റീസർവേ പൂർത്തിയാക്കിയപ്പോൾ 2902 ഹെക്ടറേ ഉള്ളൂവെന്നു വ്യക്തമായി. ഇതിൽ പട്ടയവും കൈവശാവകാശ രേഖകളും ഉള്ളവരെ ഒഴിവാക്കുന്നതോടെ 2500– 2600 ഹെക്ടറായി കുറയാനാണു സാധ്യത.