Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ സബ്സിഡി: കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നില്ല

rubber-plantation

കോട്ടയം ∙ റബർ കർഷകർക്കു സഹായം നൽകുന്ന ഉത്തേജക പദ്ധതിയിൽ പണം നൽകുന്നതിൽ മെല്ലെപ്പോക്ക്. ബാങ്കിലെ സോഫ്റ്റ്‌വെയർ പ്രശ്നവും സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൊക്കെയാണു കാരണമായി പറയുന്നത്. ജൂൺമുതൽ ആറുമാസത്തെ കുടിശിക 69 കോടി രൂപ. ഇതിൽ 31.81 കോടി രൂപ കഴിഞ്ഞ ദിവസം കർഷകരുടെ അക്കൗണ്ടിലേക്കു നൽകി. ബാക്കി 37.19 കോടിയും പിന്നീടു വന്ന ബില്ലുകളുടെ തുക 20 കോടിയും കുടിശികയാണ്. കർഷകർക്കു ധനസഹായം നൽകുന്ന സാമ്പത്തിക പാക്കേജിൽ ഇനി ബാക്കിയുള്ള തുക 400 കോടിയാണ്. 

അടുത്ത ബജറ്റിൽ 500 കോടി വകയിരുത്തുമെന്ന പ്രതീക്ഷയിലാണു റബർ കർഷകർ. 2015ൽ 500 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാരാണു പദ്ധതി കൊണ്ടുവന്നത്. 2016ലെ ബജറ്റിൽ 300 കോടിയും ഇടതു സർക്കാരിന്റെ ബജറ്റിൽ 500 കോടിയും വകയിരുത്തി. കർഷകർക്ക് ഇതുവരെ 846 കോടി രൂപ ലഭിച്ചു.  

ഓരോ മാസവും റബർ കർഷകരുടെ എഴുപതിനായിരത്തോളം ബില്ലുകളാണ് റബർ ബോർഡിനു ലഭിക്കുന്നത്. ഈ ബില്ലുകൾ പാസാക്കാൻ 12 കോടിയോളം വേണം. 4.40 ലക്ഷം കർഷകരാണു പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

‌റബറിനു കിലോഗ്രാമിനു 150 രൂപ സർക്കാർ അടിസ്ഥാന വിലയായി പ്രഖ്യാപിക്കുകയും ഓരോ ദിവസവും റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകനു ധനസഹായമായി സർക്കാർ നൽകുമെന്നതുമായിരുന്നു പദ്ധതി.

 റബറിന് ഏറ്റവും വലിയ വിലയിടിവുണ്ടായ 2015ലാണ് ഏറ്റവും കൂടുതൽ തുക കർഷകനു നൽകിയത് – 597.64 കോടി. 2016ൽ 217 കോടി സഹായം നൽകി. റബറിന്റെ ഇന്നലത്തെ വില 129.50 രൂപയാണ്. ഈ വിലയ്ക്കു സർക്കാർ ധനസഹായമായി നൽകേണ്ടിവരുന്നത് 20.50 രൂപയാണ്. 

പദ്ധതിയിൽ റജിസ്റ്റർ ചെയ്ത മൂവായിരത്തിലധികം കർഷകർക്കു സഹായം ലഭിക്കുന്നില്ല. ഇവർ നൽകിയ ബാങ്ക് അക്കൗണ്ടുകളുടെ പ്രശ്നമാണു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ബില്ലുകൾ പാസായിട്ടും ബാങ്കിൽ പണം ലഭിക്കാത്ത കർഷകർ ബിൽ സമർപ്പിച്ച ആർപിഎസുകളുമായി ബന്ധപ്പെടണമെന്നു റബർ ബോർഡ് നിർദേശിച്ചു.