Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിവിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് കരട് വിജ്ഞാപനം

sreejith സഹോദരന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതായുള്ള അറിയിപ്പ് കിട്ടുംവരെ സമരത്തിൽ തുടരുമെന്ന തീരുമാനവുമായി ശ്രീജിത്ത്(വലത്തേയറ്റം). ഇന്നലെ രാത്രി ഒൻപതിന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതു സംബന്ധിച്ച സിബിഐയുടെ കരട് വിജ്ഞാപനം ലഭിച്ചെങ്കിലും 770 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ സത്യഗ്രഹം നടത്തുന്ന ശ്രീജിത് സമരം അവസാനിപ്പിക്കുന്നില്ല. നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി ശ്രീജിവ് (25) പാറശാല പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയവെ മരിച്ച സംഭവം സിബിഐ അന്വേഷിക്കുമെന്ന് അറിയിച്ചുകൊണ്ടു കേന്ദ്ര പഴ്സനേൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് അയച്ച കത്തു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ സമരപ്പന്തലിലെത്തി ശ്രീജിത്തിനു കൈമാറി.

ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം ഏറ്റെടുത്തുകൊണ്ടു സിബിഐയുടെ അറിയിപ്പു ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു ശ്രീജിത്ത് പറഞ്ഞു. 2017 ജൂൺ ഒൻപതിന് ഇപ്രകാരം അറിയിപ്പു ലഭിച്ചെങ്കിലും പിന്നീടു സിബിഐ കേസ് ഏറ്റെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച സിബിഐയുടെ അഭിപ്രായം അറിയിക്കും. അതിനുശേഷം സമരം പിൻവലിച്ചാൽ മതിയെന്നാണു ശ്രീജിത്തിനു പിന്തുണ നൽകുന്ന കൂട്ടായ്മയുടെ നിലപാട്.

സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണു കേസ് ഏറ്റെടുക്കുന്നതെന്നു പഴ്സനേൽ മന്ത്രാലയം അയച്ച കരടു വിജ്ഞാപനത്തിൽ പറയുന്നു. സംഭവത്തിൽ പങ്കാളികളെന്ന് ആരോപണമുള്ള പൊലീസുകാർക്കെതിരെയാണ് അന്വേഷണമെന്നും ചീഫ് സെക്രട്ടറി പോൾ ആന്റണിക്കു ലഭിച്ച കരടു വിജ്ഞാപനത്തിൽ വിശദീകരിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പുകൾ പാലിച്ചെന്നു എം.വി. ജയരാജൻ പറഞ്ഞു.

ആരോപണവിധേയരായ പൊലീസ്​ ഉദ്യോഗസ്​ഥർ ഹൈക്കോടതിയിൽ നിന്നു നേടിയ സ്​റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചതിൽ സർക്കാർ കക്ഷി ചേരും. സ്​റ്റേ നീക്കുന്നതിനുള്ള നടപടികളും ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർക്കൊപ്പമാണു ജയരാജൻ എത്തിയത്. കെ.സി. വേണുഗോപാൽ എംപിയും ശ്രീജിത്തിനെ സന്ദർശിച്ചു.