Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓറഞ്ച് പാസ്പോർട്ട്: ഹൈക്കോടതിയിൽ ഹർജി

കൊച്ചി ∙ എമിഗ്രേഷൻ പരിശോധന ആവശ്യമായ ജനവിഭാഗങ്ങൾക്കുള്ള പാസ്പോർട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹർജി. പാസ്പോർട്ടിന്റെ അവസാന പേജിലെ വിവരങ്ങൾ കാരണമില്ലാതെ ഒഴിവാക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ചു ഷംസുദ്ദീൻ കരുനാഗപ്പള്ളി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫിസർക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ചു.

പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്തു ജോലി തേടി പോകുമ്പോൾ എമിഗ്രേഷൻ പരിശോധന നിർബന്ധമാണ്. കുറഞ്ഞ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരമുള്ളവരുടെ പാസ്പോർട്ട് കളർ കോഡിലൂടെ വേർതിരിക്കാനുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണു ഹർജി. പൗരന്റെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന നടപടി ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ ലംഘനമാണ്. തൊഴിൽ തേടി വിദേശത്തു പോകുന്ന വലിയ വിഭാഗം ജനത്തെ ഇതു ബാധിക്കും. ഇത്തരക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി തടയണമെന്നാണ് ആവശ്യം.