Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനും പി.ടി.ഉഷയ്ക്കും ഡി–ലിറ്റ് സമ്മാനിച്ചു

mohanlal-pt-usha ഒപ്പമുണ്ട് ഒപ്പ്... കാലിക്കറ്റ് സർവകലാശാലയുടെ ഡി–ലിറ്റ് ഏറ്റുവാങ്ങാനെത്തിയ നടൻ മോഹൻലാലിൽനിന്ന് ഒളിംപ്യൻ പി.ടി.ഉഷ സഹോദരന്റെ മക്കൾക്കുവേണ്ടി ഓട്ടോഗ്രാഫ് വാങ്ങുന്നു. ഗവർണർ പി.സദാശിവത്തിൽനിന്നാണ് ഇരുവരും ഡി–ലിറ്റ് ഏറ്റുവാങ്ങിയത്. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

തേഞ്ഞിപ്പലം ∙ നടൻ മോഹൻലാലിനും ഒളിംപ്യൻ പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് സമ്മാനിച്ചു. ചാൻസലർകൂടിയായ ഗവർണർ പി.സദാശിവമാണ് ഇരുവർക്കും ഡി–ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബഹുമതി കൈമാറിയത്. 

മോഹൻലാലിനു ലഭിക്കുന്ന രണ്ടാമത്തെ ഓണററി ഡോക്ടറേറ്റ് ആണിത്. നേരത്തേ കാലടി സംസ്കൃത സർവകലാശാലയുടെ ഡി–ലിറ്റ് ലാലിനു ലഭിച്ചിരുന്നു. ഉഷയുടേതു മൂന്നാമത്തേതാണ്. 2000ൽ കണ്ണൂർ സർവകലാശാലയും കഴിഞ്ഞ വർഷം കാൺപുർ ഐഐടിയും ഉഷയ്ക്കു ഡോക്ടറേറ്റ് നൽകിയിരുന്നു. 

പാഠപുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ മാത്രമല്ല, സമൂഹത്തിൽ കഴിവുതെളിയിക്കുന്ന പ്രതിഭകളുടെ ജീവിതവും വിദ്യാർഥികൾ മാതൃകയാക്കണമെന്നു ഗവർണർ പറഞ്ഞു. സർവകലാശാല തന്റെ കലാപ്രവർത്തനങ്ങളെയാണ് അംഗീകരിച്ചതെന്നും ഒട്ടേറെപ്പേർക്കു തന്റെ വിജയത്തിൽ പങ്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. തനിക്കു നഷ്ടപ്പെട്ട ഒളിംപിക് മെഡൽ തന്റെ ശിഷ്യരിലൂടെ നേടാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്ന് ഉഷ പറഞ്ഞു. 

വിവിധ മേഖലകളിലെ സംഭാവനകൾക്കു കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി ലഭിക്കുന്ന ഇരുപതാമത്തെ വ്യക്തിയാണു മോഹൻലാൽ. ഉഷ 21–ാമത്തെയാൾ. മന്ത്രി സി.രവീന്ദ്രനാഥ്, വിസി ഡോ. കെ.മുഹമ്മദ് ബഷീർ, പ്രോ വൈസ് ചാൻസലർ ഡോ. പി.മോഹൻ, റജിസ്ട്രാർ ഡോ. ടി.എ.അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.