Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടിയിലെ ജ്വല്ലറിയിൽ 3.7 കോടിയുടെ സ്വർണക്കവർച്ച

jewellery-locker ഭൂഗർഭ ലോക്കറിന്റെ മൂടി മോഷ്ടാക്കൾ തകർത്ത നിലയിൽ.

ചാലക്കുടി ∙ നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ഇടശേരി ജ്വല്ലറിയിൽനിന്നു 3.7 കോടിയോളം രൂപ വിലവരുന്ന 13 കിലോയോളം സ്വർണവും ആറു ലക്ഷം രൂപയും കവർച്ച ചെയ്തു. ജ്വല്ലറിയിലെ സ്റ്റോക്ക് റജിസ്റ്റർ പ്രകാരം 12.905 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. ക്യാമറകളോ അലാമോ അടക്കം സുരക്ഷാ  സംവിധാനങ്ങൾ ഇല്ലാതെയാണു ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്നത്. 

ജ്വല്ലറിയുടെ പിറകിലെ ചുമരിൽ സ്ഥാപിച്ചിരുന്ന എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റിയാണു മോഷ്ടാക്കൾ അകത്തു കടന്നത്. ഇതിന് ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാര, പിക്ക്ആക്സ്, വാർക്ക കമ്പികൾ എന്നിവ സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഫാൻ മാറ്റിയ  ദ്വാരത്തിനു പുറത്തു മരക്കമ്പിൽ കെട്ടിയ കയറിലൂടെയാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്നു കരുതുന്നു. കയറും കമ്പും ജ്വല്ലറിക്കകത്തുനിന്നു കണ്ടെടുത്തു. ദ്വാരത്തിൽ ഇതിന്റെ അടയാളവുമുണ്ട്.

പാളയംപറമ്പ് ഇടശേരി ഇ.ടി.ദേവസിയുടേതാണ് ജ്വല്ലറി. ഇന്നലെ രാവിലെ 9.30നു ദേവസിയുടെ മകൻ സാബുവും ജീവനക്കാരും എത്തി ജ്വല്ലറി തുറന്നപ്പോഴാണ് സ്വർണം സൂക്ഷിച്ചിരുന്ന പെട്ടികളും മറ്റും ചിതറി കിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സ്വർണം സൂക്ഷിച്ചിരുന്ന പെട്ടികൾ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. 

അന്യസംസ്ഥാനക്കാരായ കവർച്ചാസംഘമാണു സംഭവത്തിനു പിറകിലെന്നാണു പ്രാഥമിക വിവരം. തൃശൂർ ഒല്ലൂരിൽ‌ ഇതേ രീതിയിൽ കവർച്ച നടത്തിയ നാലംഗ സംഘത്തെ പിടികൂടിയിരുന്നു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് അന്നുതന്നെ വിവരം കിട്ടിയിരുന്നു. അവർതന്നെയാകാം ഈ കവർച്ചയ്ക്കു പിറകിലുമെന്നാണു സൂചന. ഒല്ലൂരിൽനിന്നും ഒൻപതു കിലോമീറ്റർ അകലെ പുതുക്കാട്ടെ ജ്വല്ലറിയിൽ കവർച്ചാശ്രമം നടന്നിരുന്നു. ഗ്യാസ് കട്ടറിലെ ഗ്യാസ് തീർന്നുപോയതിനാൽ ശ്രമം പരാജയപ്പെട്ടു. ഗ്യാസ് കട്ടർ കണ്ടുകിട്ടിയിരുന്നു. രണ്ടിടത്തും ഒരേ രീതിയിലാണു ശ്രമം നടത്തിയത്.

related stories