Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് ശ്രമം ഊർജിതം

Atlas Ramachandran

കോഴിക്കോട്/കണ്ണൂർ/ദുബായ് ∙ വണ്ടിച്ചെക്ക് കേസിൽ ദുബായ് ജയിലിൽ കഴിയുന്ന അറ്റ്ലസ് ജ്വല്ലറി ഉടമ എം.എം.രാമചന്ദ്രന്റെ മോചനത്തിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ശ്രമം ഊർജിതമാക്കി. സഹായം അഭ്യർഥിച്ചു രാമചന്ദ്രന്റെ ഭാര്യ തന്ന കത്ത് കേന്ദ്ര സർക്കാരിനു കൈമാറിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അറിയിച്ചു. 55.5 കോടി ദിർഹം (ആയിരം കോടിയോളം രൂപ) വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ 22 ബാങ്കുകളുമായാണു കേസുള്ളത്. 

രണ്ടു ബാങ്കുകളൊഴികെ ഒത്തുതീർപ്പിനു സമ്മതിച്ചതായി കുമ്മനം രാജശേഖരൻ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര വിദേശകാര്യ വകുപ്പിൽ നിന്ന് ഒ.രാജഗോപാലിന് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ബാങ്കുകളും രാമചന്ദ്രന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കാൻ തയാറായാൽ മോചനം സാധ്യമാകുമെന്നും യുഎഇയിലെ നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ ഇക്കാര്യത്തിൽ എന്തും ചെയ്യാൻ കഴിയൂവെന്നും കുമ്മനം പറഞ്ഞു. 

ബാങ്കിനു നൽകിയ 3.4 കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയ കേസിൽ 2015 ഓഗസ്റ്റിലാണു രാമചന്ദ്രൻ അറസ്റ്റിലായത്. ആ വർഷം നവംബറിൽ സാമ്പത്തിക കുറ്റങ്ങളുടെ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ‌ഗൾഫിലും കേരളത്തിലുമായി നാൽപത്തിയഞ്ചോളം ജ്വല്ലറികളാണു ഗ്രൂപ്പിനുണ്ടായിരുന്നത്. വിദേശത്തടക്കം ആശുപത്രി, റിയൽ എസ്റ്റേറ്റ് മേഖലകളിലും നിക്ഷേപം നടത്തിയിരുന്നു. ചില സിനിമകൾ നിർമിച്ച രാമചന്ദ്രൻ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 

related stories