Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്രട്ടേറിയറ്റിൽ വൈകിയെത്തിയ 3000 ‌‌ഉദ്യോഗസ്ഥർക്ക് നോട്ടീസ്

Kerala Secretariat

തിരുവനന്തപുരം∙സെക്രട്ടേറിയറ്റിൽ കഴിഞ്ഞമാസം വൈകിയെത്തിയ മൂവായിരത്തോളം ഉദ്യോഗസ്ഥർ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വെബ്സൈറ്റിൽ ഇട്ട നോട്ടീസിനെ ചൊല്ലി സർവത്ര ആശയക്കുഴപ്പം. നോട്ടീസിനൊപ്പം പ്രസിദ്ധീകരിച്ച വൈകിയെത്തിവരുടെ പട്ടികയിൽ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പം പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്വന്തം പേരുമുണ്ട്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽപ്പെട്ട കുറെപേർ പഞ്ച് ചെയ്യുന്നുണ്ട്. അവരിൽ പലരും വൈകിയെത്തിയതായാണു പട്ടികയിൽ നിന്നു മനസ്സിലാകുന്നത്.

പഞ്ചിങ് രേഖകൾ പരിശോധിച്ചതിനെ തുടർന്നു ജനുവരിയിൽ ചില ഉദ്യോഗസ്ഥർ വൈകിയെത്തിയതായി കണ്ടുവെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നോട്ടീസിൽ പറയുന്നു. ഓഫിസ് സമയമായ 10.15നു ശേഷം എത്തിയവർ കാരണം കാണിക്കണമെന്നും മതിയായ കാരണം ബോധ്യപ്പെടുത്താത്തവർക്ക് അര ദിവസത്തെ കാഷ്വൽ അവധി രേഖപ്പെടുത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയട്ടുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാർക്കും നൽകുന്നതിനു തയാറാക്കിയ ഈ നോട്ടീസ് വെബ്സൈറ്റിൽ ഇട്ടതല്ലാതെ വീഴ്ച വരുത്തിയവർ ഉൾപ്പെടെ ആർക്കും നേരിട്ടു നൽകിയിട്ടില്ല.

ഫെബ്രുവരി മൂന്നിനാണു നോട്ടീസ് തയാറാക്കിയത്. ഉദ്യോഗസ്ഥന്റെ പേര്, കോഡ്, തസ്തിക, വൈകിയെത്തിയ തീയതി, പഞ്ച് ചെയ്ത സമയം എന്നിങ്ങനെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 567 പേജ് നീണ്ട പട്ടികയിൽ 8802 തവണ വൈകിയെത്തിയതു സംബന്ധിച്ച വിശദാംശങ്ങളാണ് ഉള്ളത്. ഒരേ ഉദ്യോഗസ്ഥൻ തന്നെ അഞ്ചും ആറും തവണ വൈകിയതായി കാണുന്നു. രണ്ട് അഡീഷനൽ ചീഫ് സെക്രട്ടറിമാർ, ഒന്നിലേറെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, സ്പെഷൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ പേരുകളുള്ളതിനാൽ ഇവരെല്ലാം കാരണം കാണിക്കൽ നോട്ടീസിനു മറുപടി നൽകുമോയെന്നാണ് ഇനി അറിയേണ്ടത്.

നോട്ടീസ് തയാറാക്കിയ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ജനുവരി ഒന്ന്, 23, 28 തീയതികളിൽ വൈകിയെത്തിയതായി പട്ടികയിലുണ്ട്. പട്ടികയിൽ ചില ഭേദഗതികൾ വരുത്തുകയും തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നു സൂചന നൽകുകയും ചെയ്തതായി അറിയുന്നു. പക്ഷേ, വെബ്സൈറ്റിൽ പട്ടിക ഉള്ള സാഹചര്യത്തിൽ നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നാണു കരുതേണ്ടത്. അതേസമയം, തങ്ങൾക്കു നേരിട്ടു കാരണം കാണിക്കൽ നോട്ടീസ് നൽകാതെ വെബ്സൈറ്റിൽ ഇട്ടാൽ മറുപടി നൽകേണ്ട ബാധ്യതയില്ലന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ തങ്ങൾ രാവിലെ മന്ത്രിമാരുടെ നിയമസഭയിലെ ഓഫിസിലാണ് ഹാജരാകുന്നതെന്നും ഈ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്യാനാവില്ലെന്നും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽപ്പെട്ടവർ പറയുന്നു. സെക്രട്ടേറിയറ്റിൽ പുതുവർഷത്തിൽ പഞ്ചിങ്ങിനെ ശമ്പളവുമായി ബന്ധപ്പെടുത്തി കർശനമാക്കിയെങ്കിലും തുടക്കത്തിൽ ഉണ്ടായിരുന്ന കാര്യക്ഷമത പിന്നീട് ഉണ്ടായില്ലെന്നു മലയാള മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ശമ്പളവുമായി ഇതിനെ ബന്ധിപ്പിക്കുന്ന നടപടി പൂർണമായില്ലെന്നു വ്യക്തമായതോടെ ഉദ്യോഗസ്ഥർ പഞ്ച് ചെയ്യാൻ താൽപര്യം കാട്ടാതിരിക്കുകയായിരുന്നു. ഇതിന്റെ പിന്നാലെയാണു വീഴ്ച വരുത്തിയവരോടു കാരണം ചോദിച്ചത്. ഇതിന്റെ തുടർ നടപടി എന്താകുമെന്ന് ആർക്കും ധാരണയില്ല.

related stories