Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജല അതോറിറ്റിയുടെ വാർഷിക വരവ്–ചെലവ് അന്തരം 386 കോടി;വെള്ളക്കരം വർധിപ്പിക്കാതെ വഴിയില്ലെന്ന് സൂചന

INDIA-WEATHER-HEAT

തിരുവനന്തപുരം∙ നഷ്ടക്കണക്കുകളുടെ പട്ടികയിലേക്കു കേരള ജല അതോറിറ്റിയും. പ്രതിമാസം വരവ്–ചെലവ് അന്തരം 31.80 കോടി രൂപ കടന്നു. സർക്കാരിൽനിന്നുള്ള പദ്ധതിയിതര വിഹിതം ഉൾപ്പെടെ 74.57 കോടി രൂപ വരുമാനമായി ലഭിക്കുമ്പോൾ പ്രതിമാസ ചെലവ് 106.37 കോടി രൂപയാണെന്നു മന്ത്രി മാത്യു ടി.തോമസ് നിയമസഭയിൽ അറിയിച്ചു. വാർഷിക വരവ്–ചെലവ് അന്തരം 386 കോടി രൂപയാണ്. കഴിഞ്ഞവർഷം പെൻഷൻകാർക്കു 39 കോടി രൂപ നൽകാനുണ്ട്.

സാധാരണക്കാരന്റെ ചുമലിൽ ഭാരം അടിച്ചേൽപിക്കാതെ സർക്കാർ കൂടുതൽ നൽകി വരുമാനം വർധിപ്പിക്കണമെന്നാണു ബജറ്റ് നിർദേശമെങ്കിലും വെള്ളക്കരം വർധിപ്പിക്കാതെ വിടവു നികത്താൻ കഴിയില്ലെന്നാണു സൂചന. നിലവിൽ കെഎസ്ഇബി വൈദ്യുതി ബില്ലും കരാറുകാരുടെ ബില്ലും വൈകിപ്പിച്ചാണ് ഇപ്പോൾ വിടവു നികത്തുന്നത്.

സർവത്ര ഭാരം

∙ കഴിഞ്ഞ സെപ്റ്റംബർ വരെ പിഴയും പിഴപ്പലിശയും കൂടാതെ വൈദ്യുതി ബോർഡിനു നൽകാനുള്ളത് 789.6 കോടി രൂപ.

∙ സ്റ്റേറ്റ് പ്ലാൻ, നബാർഡ് ഉൾപ്പടെയുള്ള പദ്ധതികൾക്കു കൊടുത്തുതീർക്കാനുള്ളത് 351.50 കോടി രൂപയുടെ ബില്ലുകൾ.

∙ അറ്റകുറ്റപ്പണികൾ നടത്തിയ വകയിൽ 2017ൽ കരാറുകാർക്കു നൽകാനുള്ളത് 73.96 കോടി രൂപ.

∙ വെള്ളക്കര കുടിശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് 1388.16 കോടി രൂപ.

∙ പ്രതിമാസ വരവ്

വെള്ളക്കരം – 46.57 കോടി

സംസ്ഥാന സർക്കാർ വിഹിതം– 26.02 കോടി

കേന്ദ്ര സർക്കാർ വിഹിതം– 1.98 കോടി

ആകെ– 74.57 കോടി

∙ പ്രതിമാസ ചെലവ്

ശമ്പളം– 38.25 കോടി

പ്രതിമാസ പെൻഷൻ– 17.50 കോടി

മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ– 8.71 കോടി

വൈദ്യുതി ചെലവ്– 23.70 കോടി

അറ്റകുറ്റപ്പണികൾ– 8 കോടി

മറ്റ് ചെലവുകൾ– 6.75 കോടി

വായ്പാ തിരിച്ചടവും പലിശയും– 4 കോടി

ആകെ– 106.37 കോടി