Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനോയ് കോടിയേരി കേസ് ഒത്തുതീർപ്പിലേക്ക്

Binoy Kodiyeri

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ കേസ് ഒത്തുതീർപ്പിലേക്കെന്നു സൂചന. ബിനോയ് നൽകാനുള്ള 1.72 കോടി രൂപ നൽകാൻ തയാറാണന്നു ബിനോയ്ക്കൊപ്പമുള്ളവർ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിയെ അറിയിച്ചതായാണു വിവരം. അതേസമയം, രണ്ടു കേസുകൾ കൂടി അടുത്ത ദിവസം ദുബായ് കോടതിയിൽ വരാനിരിക്കെ ബിനോയ്ക്കെതിരായ കുരുക്ക് പെട്ടെന്ന് അഴിയാൻ സാധ്യതയില്ല.

സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു കഴിഞ്ഞ ഞായറാഴ്ചയാണു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നു പറയുന്നത്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്. ഈ തുകയാണു നൽകാൻ ധാരണയായത്.

കാസർകോട് സ്വദേശിയായ വ്യവസായിയാണു പണം നൽകുന്നതെന്നാണു സൂചന. ഇദ്ദേഹം ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ്. ശേഷിക്കുന്ന 20 ലക്ഷം ദിർഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ കൂടി ബിനോയ്ക്കെതിരെ ദുബായ് കോടതിയിൽ കമ്പനി നൽകുമെന്നാണു പറയുന്നത്. ഇതിലും യാത്രാവിലക്ക് ഏർപ്പെടുത്തിയാൽ പ്രശ്നം സങ്കീർണമാകും. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കും 49 ശതമാനം മലയാളിയായ രാഖുൽ കൃഷ്ണയ്ക്കുമാണ്.

കാര്യങ്ങൾ നോക്കി നടത്തിയിരുന്ന രാഖുൽ കമ്പനിയുടെ പേരിൽ വായ്പയെടുത്താണു ബിനോയിക്കു നൽകിയത്. എന്നാൽ, പണം തിരികെ കിട്ടാതെ വന്നതോടെ മർസൂഖി നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നൽകാനുണ്ടെന്നാണു കമ്പനി പറയുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുൻപ് പ്രശ്നം അവസാനിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയിൽ. ദുബായിലെ രണ്ടു പ്രമുഖ വ്യവസായികളും പ്രശ്നപരിഹാരത്തിനു രംഗത്തുണ്ട്.