Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിയാർ തർക്കം: കേന്ദ്രത്തിന്റേത് അനങ്ങാപ്പാറ നയമെന്ന് പി.കെ.ബിജു

aliyar ആളിയാർ വിഷയത്തിൽ കരാർ ലംഘനം നടത്തുന്ന തമിഴ്നാട് നിലപാടിനെതിരെ എൽഡിഎഫ് എംപി, എംഎൽഎമാർ നടത്തിയ ഉപവാസത്തിന്റെ സമാപന സമ്മേളനം സിപിഎം പാലക്കാട് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ∙പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം പരിഹരിക്കേണ്ട കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നു പി.കെ.ബിജു എംപി കുറ്റപ്പെടുത്തി. കരാറുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കിൽ അത് ഇരു സംസ്ഥാനങ്ങളും സംയുക്തമായി ചർച്ചചെയ്തു പരിഹരിക്കണമെന്നു കരാർ വ്യവസ്ഥയുണ്ട്. എന്നാൽ ഇവിടെ കേരളത്തിനു മാത്രമാണ് ആശങ്ക. തമിഴ്നാട് ചർച്ചയ്ക്കു തയാറാകാത്തതു പ്രതിഷേധാർഹമാണ്. കേരളത്തിനു വെള്ളം നൽകുന്നതിൽ തുടർച്ചയായി കരാർ ലംഘനം നടത്തുന്ന തമിഴ്നാടിന്റെ സമീപനത്തിനെതിരെ ഇടതുപക്ഷ എംപി, എംഎൽഎമാരുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ പങ്കെടുക്കുകയായിരുന്നു ബിജു.

പദ്ധതിയിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതു തമിഴ്നാടാണെന്നും അവർക്കു കൂടുതൽ വെള്ളം കൊണ്ടുപോകാവുന്ന തരത്തിലാണ് അവർ അതു രൂപകൽപന ചെയ്തതെന്നും കേരള കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തമിഴ്നാടിന്റെ കരാ‍ർ ലംഘന നിലപാടിനെതിരെ കോയമ്പത്തൂരിലേക്കുള്ള ശിരുവാണി വെള്ളം തടസ്സപ്പെടുത്തേണ്ടതില്ലെന്നു കെ.കൃഷ്ണൻകുട്ടി എംഎൽഎ അഭിപ്രായപ്പെട്ടു. മറിച്ച് നമ്മുടെ പരിധിയിലുള്ള അണക്കെട്ടുകളിന്മേലുള്ള അധികാരം ഉപയോഗപ്പെടുത്തിയാൽ മാത്രം മതി. സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എംഎൽഎമാരായ കെ.ബാബു, കെ.വി.വിജയദാസ്, കെ.ഡി.പ്രസേനൻ എന്നിവരും ഉപവാസത്തിൽ പങ്കെടുത്തു. സിപിഎം ഏരിയ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു അധ്യക്ഷനായി. 

കെ.ചെന്താമര, കെ.ഹരിപ്രകാശ്, ഫാ. ആൽബർട് ആനന്ദരാജ്, സി.കെ.ചാമുണ്ണി, പി.ശാർങ്ഗധരൻ, ബേബിസുധ, കുളന്തൈതെരസ്, ശശികല, എ.കെ.ബബിത, കെ.ചിന്നസ്വാമി, എൻ.കെ.മണികുമാർ, ഇ.എൻ. രവീന്ദ്രൻ, എച്ച്.ജെയിൻ, ജി.ആശിഷ്, കവിത, കണക്കമ്പാറ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 10ന് ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചിന് അവസാനിപ്പിച്ചു. ഉപവാസത്തിന് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ, സിഐടിയു, യുവജനതാദൾ (എസ്) പ്രവർത്തകർ പ്രകടനം നടത്തി.