Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിയാർ: ജലം നേടാൻ കേരളം മൂന്നു സാധ്യതകൾ തേടുന്നു

Aliyar_Dam_Tamil_Nadu

പാലക്കാട് ∙ പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു ജലം നിഷേധിച്ച തമിഴ്നാടിനെതിരെ കേരളം കർശന നിലപാടിലേക്ക്. ജലവിതരണം നിർത്തിയതിനു പുറമേ മുൻകൂട്ടി നിശ്ചയിച്ച സെക്രട്ടറിതല ചർച്ചയിൽ നിന്നു തമിഴ്നാട് ഏകപക്ഷീയമായി പിൻവാങ്ങിയതും കേരളം ഗൗരവമായാണു കാണുന്നത്. 

കേരളത്തെ അറിയിക്കുക കൂടി ചെയ്യാതെയാണു തമിഴ്നാട് പിന്മാറിയത്. പദ്ധതിയിൽ നിന്ന് അർഹമായ ജലം നേടിയെടുക്കാൻ കേരളം മൂന്നു സാധ്യതകൾ പരിശോധിക്കുന്നതായി മന്ത്രി മാത്യു ടി.തോമസ് ‘മനോരമ’യോടു പറഞ്ഞു. വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. മൂന്നു സാധ്യതകളുടെയും നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ കേരളം സെക്രട്ടറി തലത്തിൽ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ടു. ചീഫ് സെക്രട്ടറി തലത്തിലും പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. ചിറ്റൂർപ്പുഴയിലേക്ക് അടിയന്തരമായി ജലം നേടിയെടുക്കാനാണു ശ്രമം. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിലും ആളിയാർ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

തമിഴ്നാട് മറക്കുന്നത്

തമിഴ്നാട്ടിലെ ആളിയാറിലേക്കും തിരുമൂർത്തിയിലേക്കും വെള്ളം നൽകുന്ന പറമ്പിക്കുളം അണക്കെട്ട് കേരളത്തിലെ മുതലമട പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിലേക്കു കുടിവെള്ളം നൽകുന്ന ശിരുവാണി അണക്കെട്ടും കേരളത്തിലാണ്. തമിഴ്നാട് നിരന്തരം കരാർ ലംഘിച്ചിട്ടും ശിരുവാണിയിൽ നിന്നുള്ള ജലവിതരണം കേരളം മുടക്കിയിട്ടില്ല. അവർ ആവശ്യപ്പെട്ട അളവിൽ ജലം നൽകുന്നുമുണ്ട്. പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ സംയുക്ത നിയന്ത്രണം കർശനമാക്കാൻ ഉടനടി കേരളം നടപടിയെടുത്തേക്കും.