Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടവിരമിക്കൽ: കെഎസ്ഇബിയിൽ പെൻഷൻ ബാധ്യത 30% വർധിക്കും

കൊച്ചി ∙ പെൻഷൻ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ വൈദ്യുതി ബോർഡിൽ കൂട്ടവിരമിക്കൽ വരുന്നു. പെൻഷൻ വാങ്ങുന്നവരുടെ എണ്ണം ജീവനക്കാരുടെ എണ്ണത്തെക്കാൾ കൂടുതലായ ബോർഡിൽ 2018–21 കാലത്ത് 3,800 പേർ വിരമിക്കും. ഇതോടെ പെൻഷൻ ചെലവ് ഇപ്പോഴുള്ളതിന്റെ 30% വർധിക്കും.

ബോർഡിന്റെ സഞ്ചിതനഷ്ടം 1,877 കോടി രൂപയാണെന്നു കഴിഞ്ഞ ദിവസം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞിരുന്നു. പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, പ്രോവിഡന്റ് ഫണ്ട്, വെൽഫെയർ ഫണ്ട്, ടെർമിനൽ ലീവ് സറണ്ടർ എന്നിവയടക്കം വിരമിക്കുന്ന ഓരോരുത്തർക്കും ശരാശരി 25 ലക്ഷം രൂപ നൽകേണ്ടിവരും.

ബോർഡിൽ ഇപ്പോൾ 25,000 ജീവനക്കാരും 30,000 പെൻഷൻ, ഫാമിലി പെൻഷൻകാരുമുണ്ട്. വൈദ്യുതി ബോർഡ് കമ്പനിയാക്കി റജിസ്റ്റർ ചെയ്ത 2014ൽ പെൻഷൻ നൽകുന്നതിനു മാസ്റ്റർ ട്രസ്റ്റ് ഉണ്ടാക്കിയിരുന്നു. ഇൗ ട്രസ്റ്റിൽ നിന്നാണു പെൻഷനും ഗ്രാറ്റുവിറ്റിയും കമ്യൂട്ടേഷനും നൽകേണ്ടത്. 2011ലെ കണക്കനുസരിച്ച് 7,584 കോടി രൂപയാണ് ഇതിനായി നിശ്ചയിച്ചത്. ഇതു 12,000 കോടി രൂപയായും പിന്നീട് 16,000 കോടിയായും ഉയർത്തി നിശ്ചയിച്ചു. 

തസ്തിക വെട്ടിക്കുറയ്ക്കാൻ െവെദ്യുതി ബോർഡ്

പെൻഷൻ ബാധ്യതയുടെ പേരിൽ ബോർഡ് ചെലവുചുരുക്കലിന് ഒരുങ്ങുന്നു. തസ്തികകൾ വെട്ടിക്കുറയ്ക്കുക, ജീവനക്കാരെ പുനർവിന്യസിക്കുക തുടങ്ങിയ നടപടികൾ ഉടൻ നടപ്പാക്കും. സ്മാർട് മീറ്ററുകൾ വരുന്നതോടെ 1,000 മീറ്റർ റീഡർ തസ്തികകൾ ഒഴിവാക്കും. ബ്രേക്ക്ഡൗൺ, മെയ്ന്റനൻസ് ജോലികൾ കരാറടിസ്ഥാനത്തിലാക്കും. കണക്‌ഷന്റെ എണ്ണത്തിന് ആനുപാതികമായിട്ടാകും സെക്‌ഷൻ ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണമെന്നു ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.