Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 കിലോ സ്വർണം കവർന്ന കേസിൽ ബിഹാർ സ്വദേശി അറസ്റ്റിൽ

തൃശൂർ ∙ ചാലക്കുടി ഇടശേരി ജ്വല്ലറി കുത്തിത്തുറന്നു 13 കിലോ സ്വർണവും ആറു ലക്ഷം രൂപയും കവർന്ന കേസിൽ ബിഹാർ സ്വദേശി അശോക് ബാരിക് അറസ്റ്റിൽ. ജാർഖണ്ഡിലും ബിഹാറിലുമായി ക്യാംപ് ചെയ്ത് അന്വേഷണം തുടരുന്ന എസിപി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. ഏഴു പേരെങ്കിലും മോഷണ സംഘത്തിലുണ്ടായിരുന്നു എന്നാണു സൂചന.

അശോകിനെ ബിഹാറിലെ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി കേരളത്തിലേക്കു കൊണ്ടുവരും. കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

സംഘത്തോടൊപ്പം ചാലക്കുടിയിലുണ്ടായിരുന്നുവെന്ന് അശോക് ബാരിക് സമ്മതിച്ചിട്ടുണ്ട്. ബിഹാറിൽ കൂലിപ്പണിക്കാരനാണ്. താനുൾപ്പെടെ അഞ്ചു പേരാണു മോഷണ സംഘത്തിലുണ്ടായിരുന്നതെന്ന് അശോക് പൊലീസിനു മൊഴി നൽകി. തട്ടിയെടുത്ത സ്വർണവും പണവും കണ്ടെത്താനായിട്ടില്ല. 

കവർച്ചാസംഘം ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പറുകൾ തൃശൂർ റൂറൽ എസ്പിയുടെ സൈബർ സ്ക്വാഡ് കണ്ടെത്തിയിരുന്നു. ഇതു പിന്തുടർന്നാണു പൊലീസ് ജാർഖണ്ഡിലും ബിഹാറിലും പരിശോധന നടത്തിയത്. കവർച്ചയ്ക്കു ശേഷം ഇവർ ട്രെയിനിൽ നാടുവിട്ടു എന്നു പറയുന്നുണ്ടെങ്കിലും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ജനുവരി 29നാണു ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്തു കടന്ന സംഘം കവർച്ച നടത്തിയത്. തറയിൽ ഉറപ്പിച്ചിരുന്ന ലോക്കർ പൊളിച്ചു സ്വർണം എടുക്കുകയായിരുന്നു. ജ്വല്ലറിയിൽ ക്യാമറ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. 

related stories