Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മന്ത്രി സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങ് ; ഇ. ചന്ദ്രശേഖരൻ വായ പോയ കോടാലി’

vs-sunil-kumar-04

നെടുങ്കണ്ടം ∙ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വായ പോയ കോടാലിയാണെന്നും, വനംവകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നുവെന്നും സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ വിമർശനം. 

 പിണറായി വിജയനും സിപിഎമ്മിനും ശവപ്പെട്ടിക്കാരന്റെ മനോഭാവമാണെന്നും ചില പ്രതിനിധികൾ ആരോപിച്ചു. ആരു ചത്താലും ശവപ്പെട്ടി വിൽക്കണമെന്ന ആഗ്രഹമാണ് പിണറായി വിജയന്. മീൻ പിടിക്കാൻ പോകുന്ന വലിയ കപ്പലുകൾക്ക് മുന്നിലെ ചെറിയ വള്ളങ്ങളാണ് സിപിഐയുടെ വകുപ്പുകൾ. ഈ വള്ളങ്ങളെ ഇടിച്ച് തെറിപ്പിച്ച് മറിച്ചിടാനാണ് പിണറായിയുടെ കപ്പലുകൾ ശ്രമിക്കുന്നത്.

ഉത്തരകൊറിയൻ സ്വേച്ഛാധിപതിയുടെ ബന്ധുവിനെ വേട്ടപ്പട്ടിക്ക് ഇട്ടുകൊടുത്ത സമീപനമാണ് പിണറായിക്ക് സിപിഐയോടുള്ളതെന്നും ഉടുമ്പൻചോലയിൽനിന്നുള്ള നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയും സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുന്നതായും ആരോപണം ഉയർന്നു. സിപിഎമ്മിന്റെ സമീപകാലത്തെ പ്രവർത്തനങ്ങൾ പാർട്ടിയെ കേരളത്തിൽനിന്നു തുടച്ചുനീക്കുമെന്നും പ്രതിനിധികൾ പറഞ്ഞു. മന്ത്രി എം.എം.മണിക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. നാണംകെട്ടു മുന്നണിയിൽ നിൽക്കണോ എന്നുവരെ ചില പ്രതിനിധികൾ ചോദിച്ചു. 

 പാർട്ടി പ്രവർത്തകരും നേതാക്കളും ഓഫിസുകളിലെത്തിയാൽ റവന്യു–വനംവകുപ്പ് ഉദ്യോഗസ്ഥർ അപമാനിച്ചിറക്കിവിടുകയാണ്. ജില്ലയിലെ ഭരണം യഥാർഥത്തിൽ നടത്തുന്നത് ജോയിന്റ് കൗൺസിൽ നേതാക്കളാണ്. ഈ സാഹചര്യത്തിൽ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നീക്കം നടത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. 

 ഇടുക്കി ജില്ലയിൽ വനം–റവന്യു മന്ത്രിമാർ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നതായി പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി കെ.രാജു ആരോപിച്ചു. സിപിഐയുടെ വകുപ്പുകൾ നന്നായിട്ട് പ്രവർത്തിക്കുന്നതിൽ ചിലയാളുകൾ അസംതൃപ്തരാണെന്നും രാജു പറഞ്ഞു. 

അഭിവാദ്യം അർപ്പിച്ചത് വിവാദമാകുന്നു

നെടുങ്കണ്ടം∙ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിനു സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ പ്രവർത്തകർ പരസ്യമായി അഭിവാദ്യം അർപ്പിച്ചത് വിവാദമാകുന്നു. റവന്യു, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് അഭിവാദ്യങ്ങൾ അർപ്പിച്ചത്. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു പരാതി നൽകാനൊരുങ്ങുകയാണ് മറ്റ് ഉദ്യോഗസ്ഥർ. പ്രകടനത്തിനാണ് ജോയിന്റ് കൗൺസിൽ അഭിവാദ്യം നൽകിയത്. സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ അഭിവാദ്യം അർപ്പിച്ചത്.