Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ചിട്ട് ഒരു വർഷം: തെളിവായ മൊബൈൽ ഫോൺ കാണാമറയത്ത്

actress-attack

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ ഒരു വർഷം പൂർത്തിയായിട്ടും നിർണായക തൊണ്ടിയായ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതിൽ പൊലീസിനു നിരാശ. കേസിലെ മുഴുവൻ പ്രതികൾക്കും എതിരെ ശക്തമായ സാഹചര്യത്തെളിവുകളുണ്ടെങ്കിലും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനാണു പ്രത്യേക അന്വേഷണ സംഘം ഏറ്റവും കൂടുതൽ പരിശ്രമിച്ചത്.

കുറ്റപത്രം സമർപ്പിച്ചപ്പോഴും മൊബൈൽ ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ലഭ്യമായ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ശക്തമായതിനാൽ മൊബൈൽ ഫോൺ ലഭ്യമായില്ലെങ്കിലും ആശങ്കപ്പെടാനില്ലെന്ന നിയമോപദേശം ലഭിച്ചതോടെ തുടരന്വേഷണം നിലച്ചു.

കേസിലെ മേൽനോട്ട ചുമതലയുണ്ടായിരുന്ന സിഐ റാങ്കിനു മുകളിലുള്ള മുഴുവൻ ഉദ്യോഗസ്ഥരേയും മറ്റു ദൗത്യങ്ങൾക്കു നിയോഗിച്ചു. നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലെ സിഐ ബൈജു പൗലോസ് മാത്രമാണ് ഇപ്പോൾ ജില്ലയിൽ തന്നെയുള്ളത്.

ഇതേസമയം, കേസിൽ വിചാരണ നടപടികൾ തുടങ്ങിയ ഘട്ടത്തിൽ അന്വേഷണ സംഘം നിർജീവമായതോടെ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം തുടങ്ങിയതായി ആക്ഷേപമുയർന്നിട്ടുണ്ട്. മുൻ മൊഴികൾ നിഷേധിച്ചും ചില മൊഴികൾ മാറ്റിപ്പറഞ്ഞും പ്രതികൾ പ്രോസിക്യൂഷനു വെല്ലുവിളി ഉയർത്തുന്നുണ്ട്.

കേസിലെ നിർണായക തൊണ്ടി മുതലായ മൊബൈൽ ഫോൺ നശിപ്പിച്ചതു പ്രതികളുമായി ബന്ധമുള്ള രണ്ട് അഭിഭാഷകരാണെന്ന നിലപാടാണു കുറ്റപത്രത്തിൽ പൊലീസ് സ്വീകരിച്ചിട്ടുള്ളത്. ഇവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

related stories