Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിക്കു നീരസം; ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയതു റദ്ദാക്കി

E. Chandrasekharan

തിരുവനന്തപുരം∙ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വകുപ്പിനു കീഴിലുള്ള ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയ നടപടി മന്ത്രിസഭാ യോഗം റദ്ദാക്കി. മന്ത്രി ചന്ദ്രശേഖരൻ കടുത്ത നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇന്നലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം തിരുത്താൻ മുഖ്യമന്ത്രി മുൻകയ്യെടുത്തത്. ഇതോടെ ലാൻഡ് ബോർഡ് സെക്രട്ടറി സി.എ.ലത തൽസ്ഥാനത്തു തുടരും. ലതയ്ക്കു പകരം ലാൻഡ് ബോർഡ് സെക്രട്ടറിയായി കഴിഞ്ഞ മന്ത്രിസഭാ യോഗം നിയമിച്ച വ്യവസായ ഡയറക്ടർ കെ.എൻ. സതീഷിനെ റജിസ്ട്രേഷൻ ഐജിയാക്കി. ഇതു ലത വഹിച്ചിരുന്ന അധികച്ചുമതലയായിരുന്നു.

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന മന്ത്രി ചന്ദ്രശേഖരനു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇത് അവസരമായി കണ്ടു ചിലരുടെ താൽപര്യപ്രകാരം ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയതാണെന്നു സിപിഐ വൃത്തങ്ങൾ കരുതുന്നു. സ്ഥലംമാറ്റം മാധ്യമങ്ങളിൽ നിന്നാണു മന്ത്രി അറിയുന്നത്. ഉടനടി ശക്തമായ വിയോജിപ്പ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

ഭൂരേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റൈസേഷൻ ജോലികൾ ലാൻഡ് ബോർഡിൽ അതിവേഗം പുരോഗമിക്കുന്നതിനിടെയാണു ലതയെ മാറ്റിയത്. ലാൻഡ് ട്രൈബ്യൂണലുകളുടെ ഏകോപനവും അവർ നിർവഹിക്കുകയായിരുന്നു. ഐഎഎസ് ലഭിക്കുന്നതിനു മുൻപ് ലത സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പ്രവർത്തകയായിരുന്നു.

അതേസമയം, ചീഫ് സെക്രട്ടറിക്കു സംഭവിച്ച പിഴവാണ് ഇതെന്നു മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. ലത റജിസ്ട്രേഷൻ ഐജിയാണെന്നും ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധികച്ചുമതല വഹിക്കുകയാണെന്നുമാണു ചീഫ് സെക്രട്ടറി ധരിച്ചത്. കെ.എൻ.സതീഷിനു നിയമനം നൽകേണ്ടി വന്നപ്പോൾ അധികച്ചുമതലയുള്ള തസ്‍തികയെന്നു തെറ്റിദ്ധരിച്ചാണു ലാൻഡ് ബോർഡ് സെക്രട്ടറിയാക്കിയത്. ഇതു തിരുത്തുന്നതോടെ പ്രശ്നം തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ, മന്ത്രിമാരുടെ സാന്നിധ്യത്തിൽ മാത്രമേ അവരുടെ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ മന്ത്രിസഭ മാറ്റി നിയമിക്കാറുള്ളൂ. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ മാറ്റണമെന്നു മന്ത്രി ചന്ദ്രശേഖരൻ, രണ്ടു തവണ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടും അംഗീകരിച്ചിട്ടില്ല. അതിനിടെയാണു സിപിഐക്കു താൽപര്യമുള്ള ഉദ്യോഗസ്ഥയെ മാറ്റിയത്.