Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനവിവാദം: കേസിന് സുപ്രീം കോടതി സ്റ്റേ; പാട്ടിനെതിരെ രാജ്യത്തെവിടെയും ഇനി കേസെടുക്കുന്നതിനും വിലക്ക്

Supreme Court Priya

ന്യൂഡൽഹി∙ റിലീസ് ചെയ്യാനിരിക്കുന്ന മലയാള സിനിമയിൽ ഉപയോഗിച്ച ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടി പ്രിയ പി.വാരിയർ, സംവിധായകൻ ഒമർ ലുലു, നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴി എന്നിവർക്കെതിരെ റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിലെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാജ്യത്തെവിടെയും പാട്ടിനെതിരെ കേസെടുക്കുന്നതും കോടതി വിലക്കി. നിലവിൽ കേസെടുത്ത തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകൾക്കു നോട്ടിസ് അയച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. പിന്നീട് വിശദമായ വാദം കേൾക്കും. ഗാനത്തിനെതിരെ റാസ അക്കാദമി തെലങ്കാനയിലും ജൻജാഗരൺ സമിതി മഹാരാഷ്ട്രയിലും നൽകിയ പരാതികളിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

40 വർഷമായി കേരളത്തിൽ പ്രചാരത്തിലുള്ള ഗാനമാണിതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരീസ് ബീരാൻ വിശദീകരിച്ചു. കേരളത്തിൽ കേസില്ലെന്നു മാത്രമല്ല, 1978ൽ പി.എം.എ ജബ്ബാർ എഴുതി തലശേരി റഫീഖ് ഈണമിട്ട ഗാനം പുതുതായി ചിട്ടപ്പെടുത്തിയതല്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഗാനത്തിന്റെ ഇംഗ്ലിഷ് പരിഭാഷയും കോടതിക്കു കൈമാറി.