Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ; പരിഭ്രാന്തിയിൽ നാടു മുഴുവൻ

mathur-tusker ആനപ്പാടം: പാലക്കാട് മാത്തൂർ മന്നംപുള്ളിയിൽ ഭീതി വിതച്ചു നാട്ടിലിറങ്ങിയ കാട്ടാനകളെ പടക്കം പൊട്ടിച്ച് ഓടിച്ചപ്പോൾ ചിത്രം: മനോരമ

കോട്ടായി (പാലക്കാട്)∙ മാത്തൂർ മന്ദംപുള്ളിയിൽ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയേയും 10 വയസ്സു തോന്നിക്കുന്ന കുട്ടിയെയും വന്ന വഴിയെ തിരികെ കാട്ടിൽ കയറ്റാൻ രാത്രി വൈകിയും ശ്രമം. പുലർച്ചെ അഞ്ചരയോടെ മന്ദംപുള്ളിയിലെത്തിയ കാട്ടാനകൾ രാത്രി ഒൻപതോടെ ആനിക്കോട്ടു നിന്നു കാവിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെത്തി നിൽപ്പാണ്. വനപാലകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിൽ ഇവയെ ടയറും പന്തവും കത്തിച്ചു വന്ന വഴിയെ തിരിച്ചുവിടാനുള്ള പ്രയത്നം രാത്രി വൈകിയും തുടരുകയാണ്. 

തിങ്കളാഴ്ച അർധരാത്രിയ്ക്കു ശേഷം തേനൂർ അയ്യർമല ഭാഗത്തു നിന്ന് ആറുപുഴയിലൂടെ റെയിൽവേ ട്രാക്കും സംസ്ഥാനപാതയും കടന്ന് എടത്തറയിലെത്തിയ കാട്ടാനകൾ കരിയാങ്കോട് കാപ്പു കാട്ടിലൂടെയാണു പുലർച്ചെ മന്ദംപുള്ളിയിലെത്തിയത്. വയലുകളിലെ നെല്ല് ചവിട്ടിമെതിച്ച് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് മന്ദംപുള്ളി കവലയിൽ  അസീസിന്റെ ചായക്കടയ്ക്ക് മുന്നിലെത്തുകയായിരുന്നു ഇവ. ഓർക്കാപ്പുറത്ത് കാട്ടാനയെയും കുട്ടിയെയും കണ്ടതോടെ  അസീസും നാട്ടുകാരും ഭയന്നു വിറച്ചു. അസീസ് പെട്ടെന്ന് ഷട്ടർ താഴ്ത്തി. ചായ കുടിച്ചു കൊണ്ടിരുന്നവർ നിലവിളിച്ച് ഓടി. 

രാവിലെ എട്ടരയോടെ വനപാലകരും പൊലീസും സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ച് ആനയെ വന്നവഴി  തുരത്താനുള്ള ശ്രമം തുടങ്ങി. വൈകിട്ട് നാലിന് ആനകളെ തുരത്തൽ പുനരാരംഭിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെ ഉണങ്ങിയ ചെടികളിൽ തീ പടർന്നു. 

പാലക്കാട്ടു നിന്ന് അഗ്നിശമന സേനയെത്തിയാണു തീ അണച്ചത്. തീ പടർന്നതോടെ ആനകൾ  സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിലൂടെ ഏഴു മണിയോടെ ആനിക്കോട്ടെത്തി.  ആനിക്കോട്ടു നിന്നു കാവിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെത്തിയ ആനകളെ, ഇരുട്ട് വ്യാപിച്ചതോടെ പിന്നീടു കാണാൻ കഴിഞ്ഞിരുന്നില്ല.

കൃഷിയിടങ്ങളിൽ വന്യജീവി ആക്രമണം: സർക്കാർ നടപടി വേണമെന്ന് കോടതി

കൊച്ചി ∙ കൃഷിയിടങ്ങളിൽ വന്യജീവികൾ അതിക്രമിച്ചു കടക്കുന്നതു തടയാനും നാശനഷ്ടങ്ങൾക്കു മതിയായ നഷ്ടപരിഹാരം നൽകാനും സർക്കാർ നടപടിയെടുക്കണമെന്നു ഹൈക്കോടതി. പ്രശ്നത്തിൽ പരിഹാര നടപടികൾക്കു സർക്കാരിനു ബാധ്യതയുണ്ട്. മനുഷ്യജീവൻ അമൂല്യമാണെന്നും കാർഷിക വിളകൾ ഏറെ വിലപ്പെട്ടതാണെന്നും സർക്കാർ ഓർക്കണമെന്നു കോടതി പറഞ്ഞു. വേണ്ട നടപടികളെടുക്കുന്നുണ്ടെന്നു സർക്കാർ വിശദീകരിച്ചു. 

സംസ്ഥാനത്ത് 1501 കിലോ മീറ്റർ സൗരോർജ വേലി കെട്ടിയെന്നും കാട്ടാന ഇറങ്ങാതിരിക്കാൻ 584 കി.മീ. കിടങ്ങു സ്ഥാപിച്ചെന്നും 2016ൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. മൂന്നര കി.മീ. കല്ലുപാകിയ കിടങ്ങുകൾ സ്ഥാപിച്ചു. കാട്ടാനയെ പ്രതിരോധിക്കാൻ 35 കി.മീ. ഭിത്തികെട്ടി. 259 കി.മീ. കയ്യാലയും 43 കി.മീ. ജൈവവേലിയും സ്ഥാപിച്ചു. കണ്ണൂരിൽ മാത്രം 112.506 കി.മീ. സൗരോർജവേലി കെട്ടിയെന്നും വിശദീകരിച്ചു. 

പ്രശ്ന ബാധിത മേഖലകളിൽ വന്യജീവികളെ വിരട്ടിയോടിക്കാൻ വാച്ചർമാരെയും ദ്രുതകർമസേനയെയും നിയോഗിച്ചു. 2011ൽ സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശയിൽ, വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകാറുണ്ട്. നഷ്ടപരിഹാരത്തിനു പ്രാദേശിക തലത്തിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നു. കർഷകരുടെ നിവേദനങ്ങൾ നിയമാനുസൃതം പരിഗണിച്ചു മൂന്നു മാസത്തിനകം ഉത്തരവിറക്കണമെന്നു കോടതി നിർദേശിച്ചു.