Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിമരുന്ന് കേസ്: ഇന്റർപോളിന്റെ സഹായം തേടുമെന്ന് ഋഷിരാജ് സിങ്

rishi-raj-singh

കൊച്ചി ∙ 30 കോടിയുടെ ലഹരിമരുന്നു കേസിൽ വിദേശത്തുള്ള പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടുമെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. അഞ്ച് വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെട്ട സംഘം കേരളത്തിലേക്കു ലഹരിമരുന്നു കടത്താൻ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ ഒരു സംഘത്തെയാണു പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന 'ഭായി'യേയും മറ്റു പ്രതികളെയും കുറിച്ചു വ്യക്തമായ സൂചന ലഭിച്ചു. ഇവരെ പിടികൂടുന്നതിനാണ് ഇന്റർപോൾ ഉൾപ്പെടെയുള്ള ഏജൻസികുളുടെ സഹായം തേടുന്നത്. രാജ്യാതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ സിഐഎസ്എഫ്, എയർപോർട്ട് അതോറിറ്റി എന്നിവയുടെ സഹായം തേടും.

സന്ദർശക വീസയിൽ വിദേശത്ത് പോകുന്നവരെയാണു ലഹരിമരുന്നു കടത്തിനായി ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് ഫോൺ സന്ദേശമയക്കുന്നതിനാൽ പ്രതികളെ കണ്ടെത്തുന്നതു ദുഷ്‌കരമായിട്ടുണ്ട്. എക്‌സൈസ് സംഘത്തിനു വിവരം നൽകുന്നവരുടെ സുരക്ഷ സംബന്ധിച്ച് സർക്കാരുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശേരിയിൽ നിന്നു ലഹരിമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥർക്ക് എക്‌സൈസ് വകുപ്പ് അനുവദിച്ച 50,000 രൂപ ഋഷിരാജ് സിങ് കൈമാറി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജി ലക്ഷ്മണൻ, എസ്‌ഐ എൻ.പി. സുധീപ്കുമാർ, പ്രിവന്റീവ് ഓഫിസർമാരായ എ.എസ്. ജയൻ, എം.എ.കെ. ഫൈസൽ, എഎസ്‌ഐ സി.കെ. സൈഫുദീൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.എം. റോബി, പി.എക്‌സ് റൂബൻ, രഞ്ജു എൽദോ തോമസ്, ഡ്രൈവർ പ്രദീപ് എന്നിവർക്കാണ് പുരസ്‌കാരം കൈമാറിയത്.