Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മതീർഥക്കരയിലെ പൈതൃക പ്രാധാന്യമുള്ള രണ്ടു കൽമണ്ഡപങ്ങൾ പൊളിച്ചടുക്കി

temple.. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീർഥക്കുളക്കരയിലെ നവീകരണത്തിന്റെ ഭാഗമായി പൈതൃക കൽമണ്ഡപങ്ങൾ പൊളിച്ചു മാറ്റിയതിനെ തുടർന്നു പ്രതിഷേധവുമായെത്തിയ ഭക്തർ. പൊളിച്ചെടുത്ത കൽപാളികളും തൂണുകളുമാണ് വലത്ത്. ചിത്രം: മനോരമ

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീർഥക്കുളത്തിന്റെ പൈതൃക പ്രാധാന്യമുള്ള രണ്ടു കൽമണ്ഡപങ്ങൾ നവീകരണത്തിന്റെ പേരിൽ പൂർണമായി പൊളിച്ചുമാറ്റിയതു വിവാദത്തിൽ. സുപ്രീംകോടതി നിയോഗിച്ച സംരക്ഷണസമിതിയുടെ അനുവാദമില്ലാതെയാണ്, നവീകരണ ചുമതലയുള്ള നിർമിതികേന്ദ്രം രണ്ടു മണ്ഡപങ്ങൾ പൊളിച്ചത്. മറ്റു മണ്ഡപങ്ങൾ പൊളിക്കുന്നതു ഭക്തർ തടഞ്ഞു. 

സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു പൊലീസ് ക്യാംപ് ഏർപ്പെടുത്തി. സ്ഥിതി വിലയിരുത്താൻ രാജകുടുംബാംഗങ്ങൾ ഇന്നു സ്ഥലം സന്ദർശിച്ചേക്കും. ക്ഷേത്ര സംരക്ഷണത്തിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ യോഗവും ഇന്നു ചേരുന്നുണ്ട്. 

കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ചാണു പത്മതീർഥക്കുളത്തിന്റെ നവീകരണം. ഇതിനായി രണ്ടു മാസത്തോളം മുമ്പു കുളം പൂർണമായി വറ്റിച്ചു. കൽമണ്ഡപങ്ങളും പടവുകളും പൂർണമായി പൊളിച്ചു പുനഃസ്ഥാപിക്കാനാണു പദ്ധതി. എട്ടു കൽമണ്ഡപങ്ങളാണു പത്മതീർഥക്കരയിലുള്ളത്. ഇതിൽ വടക്കുഭാഗത്തുള്ള രണ്ടു മണ്ഡപങ്ങളും പടവുകളുമാണു മണ്ണുമാന്തി ഉപയോഗിച്ചു പൂർണമായി പൊളിച്ചുനീക്കിയത്. അടിത്തറയിൽ പാകിയ കല്ലുകൾ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഭക്തർ പ്രതിഷേധവുമായി എത്തി. വൈകിട്ടോടെ തുടർ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി. 

പത്മതീർഥക്കരയിലെ രണ്ടു മണ്ഡപങ്ങളൊഴികെ മറ്റുള്ളവ പൊളിച്ചു പുനർനിർമിക്കാൻ അനുവാദമുണ്ടെന്നു നിർമാണ ചുമതലയുള്ള നിർമിതികേന്ദ്രം അറിയിച്ചു. മണ്ഡപങ്ങളുടെ അടിത്തറ ദുർബലമായതിനാലാണു പൊളിച്ചുമാറ്റി പുനർനിർമിക്കാൻ പദ്ധതി തയാറാക്കിയത്. ശരിയായ രീതിയിൽ പുനഃസ്ഥാപിക്കാനായി ഇളക്കിയ കല്ലുകൾക്കു നമ്പർ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

എന്നാൽ ഒരു മണ്ഡപവും പൊളിച്ചുമാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു സംരക്ഷണസമിതി അധ്യക്ഷൻ എം.വേലായുധൻ നായർ പറഞ്ഞു. നവീകരണത്തിനു നിർമിതികേന്ദ്രം പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില നിർദേശങ്ങൾ സംരക്ഷണസമിതി നൽകി. പുരാവസ്തു സംരക്ഷണ നിയമം പാലിച്ചായിരിക്കണം നവീകരണം. കൽപടവുകൾ മാറ്റുമ്പോൾ അലങ്കാരമുള്ള കല്ലുകൾ കഴുകി പുനരുപയോഗിക്കണം, നിലവിലെ ഘടനയിൽ മാറ്റം വരുത്തരുത് തുടങ്ങിയ നിർദേശങ്ങളാണു നൽകിയത്. 

എന്നാൽ രാജകുടുംബാംഗങ്ങളെ അറിയിക്കാതെയാണു മണ്ഡപങ്ങൾ പൊളിച്ചുമാറ്റിയതെന്നാണു വിവരം. രണ്ടുവർഷം മുമ്പും നവീകരണത്തിന്റെ പേരിൽ മണ്ഡപങ്ങൾ പൊളിക്കാൻ ശ്രമം നടത്തിയപ്പോൾ എതിർപ്പുമായി രാജകുടുംബാംഗങ്ങൾ എത്തിയിരുന്നു. തുടർന്നു വിവിധ തലങ്ങളിൽ ചർച്ച നടത്തി നവീകരണം നടത്താൻ തീരുമാനിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.