Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനു രണ്ടു പുതിയ ട്രെയിൻ; മെമു എല്ലാദിവസവും

കൊച്ചി ∙ പ്രതിഷേധങ്ങൾക്കിടെ കേരളത്തിനു രണ്ടു പുതിയ ട്രെയിനുകൾക്കു റെയിൽവേ ബോർഡിന്റെ അംഗീകാരം. എറണാകുളം- രാമേശ്വരം, മംഗളൂരു ജംക്‌‍ഷൻ- രാമേശ്വരം ട്രെയിനുകൾക്കാണ് അനുമതി ലഭിച്ചത്. ദ്വൈവാര സർവീസുകളാണിവ. കേരളത്തിൽ നിന്നു രാമേശ്വരം ട്രെയിനിനായി മലയാള മനോരമ ഏറെക്കാലമായി ക്യാംപെയ്ൻ നടത്തി വരികയാണ്.

കേരളത്തിൽ മെമു ട്രെയിനുകൾ ഏഴുദിവസവും ഓടിക്കും. നിലവിൽ ആഴ്ചയിൽ ആറു ദിവസം മാത്രമാണു സർവീസ്. പ്രതിദിന സർവീസ് വേണമെന്നതും ദീർഘകാല ആവശ്യമാണ്. എന്നാൽ േറക്കില്ലെന്ന കാരണത്താൽ നടപ്പാക്കിയില്ല. ഇടക്കാലത്ത് അനുവദിച്ച റേക്കുകൾ കേരളത്തിലെത്തിയതുമില്ല. ഇത്തവണ റേക്ക് റെയിൽവേ ബോർഡ് നൽകും. എറണാകുളം- പാലക്കാട് മെമു പാലക്കാട് ടൗൺ വരെ നീട്ടും.

പഴനി, മധുര, രാമേശ്വരം എന്നീ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസാണ് എറണാകുളം- രാമേശ്വരം ട്രെയിൻ. രാമേശ്വരത്തേക്കു മുൻപ് എറണാകുളത്തു നിന്നു സ്പെഷൽ ട്രെയിൻ ഓടിച്ചപ്പോൾ നല്ല തിരക്കുണ്ടായിരുന്നു. ട്രെയിൻ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചത്. റെയിൽവേ ബോർഡ് അനുമതി നൽകിയതോടെ വരുന്ന ടൈംടേബിളിൽ ട്രെയിനുകൾ ഉൾപ്പെടുത്തും. സർവീസ് ആരംഭിക്കുന്ന തീയതി പിന്നീടു പ്രഖ്യാപിക്കും. 

കൊച്ചുവേളി-ഗുവാഹത്തി, എറണാകുളം-സേലം, കൊച്ചുവേളി-നിലമ്പൂർ സർവീസുകളും ശുപാർശ പട്ടികയിലുണ്ടായിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി റെയിൽവേ മന്ത്രിക്കു കത്തയച്ചതിനാൽ കേരളത്തിലേക്കു മറ്റ് സോണുകൾ ശുപാർശ ചെയ്ത ദീർഘദൂര ട്രെയിനുകൾ ബോർഡ് പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. കേരളത്തിനുള്ള ജബൽപുർ കൊച്ചുവേളി ട്രെയിനാണു ദക്ഷിണ റെയിൽവേ തിരുനെൽവേലിക്കു മാറ്റിയത്. 

ഗേജ് മാറ്റത്തിനു ശേഷം പാലക്കാട് – പൊള്ളാച്ചി റൂട്ടിലൂടെ കേരളത്തിൽ നിന്ന് ആവശ്യത്തിനു ട്രെയിൻ സർവീസ് ഇല്ലാത്തതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മീറ്റർ ഗേജ് കാലത്തു പാലക്കാടു നിന്നു മൂന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും അവ പുനഃസ്ഥാപിച്ചില്ല. രാമേശ്വരത്തേക്ക് രണ്ടു പുതിയ ട്രെയിനുകൾ വരുന്നതോടെ തെക്കൻ തമിഴ്നാട്ടിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടും.

related stories