Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥി കൺസെഷൻ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം∙ ബസ് ചാർജ് വർധനയുടെ അടിസ്ഥാനത്തിൽ വിദ്യാർഥി കൺസെഷൻ നിരക്ക് പുനർനിശ്ചയിച്ചുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. മിനിമം ഒരു രൂപയായി തുടരും. പരമാവധി കൺസെഷൻ 40 കിലോമീറ്ററിന് ആറ് രൂപയാണ്. 25 ശതമാനം വർധനയുണ്ടെങ്കിലും കാര്യമായി നിരക്ക് ഉയർന്നിട്ടില്ല. 50 പൈസ വരുന്ന നിലവിലെ നിരക്കുകൾ വിനിമയ സൗകര്യത്തിനു വേണ്ടി ക്രമീകരിച്ചു. നിരക്ക് വർധനയുടെ മറവിൽ വിദ്യാർഥികളെ ചൂഷണം ചെയ്യാനിടയുണ്ടെന്നു പരാതി ലഭിച്ചതിനെ തുടർന്ന്് ഔദ്യോഗികമായി നിരക്കുകൾ പ്രസിദ്ധീകരിക്കാൻ ഗതാഗത സെക്രട്ടറി നിർദേശിച്ചിരുന്നു. 

ആദ്യത്തെ രണ്ട് ഫെയർ‌സ്റ്റേജുകളിൽ മിനിമം നിരക്ക് ഈടാക്കുന്ന ആനുകൂല്യം വിദ്യാർഥികൾക്കു നൽകിയിട്ടില്ല. ഒരു രൂപയിൽ 2.5 കിലോമീറ്ററിന്റെ ആദ്യ ഫെയർ‌സ്റ്റേജ് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. രണ്ടാം സ്‌റ്റേജ് മുതൽ 7.5 കിലോമീറ്ററിന്റെ മൂന്നാം സ്‌റ്റേജുവരെ രണ്ട് രൂപ നൽകണം. സ്‌കൂൾ വിദ്യാർഥികളെയാണ് ഇതു ബാധിക്കുക. ഭൂരിഭാഗം സ്‌കൂൾ വിദ്യാർഥികളും യാത്ര ചെയ്യുന്നത് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്. ഇവർക്കു മിനിമം നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടിവരും. 

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കു കെഎസ്ആർടിസി സൗജന്യയാത്ര അനുവദിക്കുന്നതിനാൽ സ്വകാര്യബസുകളിൽ യാത്ര ചെയ്യുന്നവരെയാണ് ബാധിക്കുക. മറ്റു ഫെയർ‌സ്റ്റേജുകളിലെ നിരക്കു പ്രകാരം 17.5 കിലോമീറ്റർ ദൂരത്തിന് മൂന്നു രൂപയാണു നിരക്ക്. 27.5 കിലോമീറ്ററിന് നാലു രൂപയും, 37.5 കിലോമീറ്ററിന് അഞ്ചു രൂപയും, 40 കിലോമീറ്ററിന് ആറു രൂപയും നൽകണം.

വിദ്യാർഥി കൺസെഷൻ ഫെയർ‌സ്റ്റേജുകൾ, കിലോമീറ്റർ, പുതിയ നിരക്ക് എന്നിവ ക്രമത്തിൽ 

1 2.5 1.00

2-3 7.5 2.00

4-7 17.5 3.00

8-11 27.5 4.00

12-15 37.5 5.00

16 40 6.00