Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി വിമർശനം: ഫെയ്സ്ബുക്ക് പോസ്റ്റ് കലക്ടർ പിൻവലിച്ചു

tv-anupama

ആലപ്പുഴ ∙ തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടു സംബന്ധിച്ച ഹൈക്കോടതി വിമർശനത്തിനു പിന്നാലെ ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ജില്ലാ കലക്ടർ ടി.വി. അനുപമ ഇന്നലെ ഉച്ചയോടെ പിൻവലിച്ചു. സമൂഹമാധ്യമത്തിൽ ജില്ലാ കലക്ടർക്കു പിന്തുണയുമായി ഒട്ടേറെപ്പേർ രംഗത്തു വന്നതിനിടെയാണു പോസ്റ്റ് പിൻവലിച്ചത്. ഉച്ചയോടെ രണ്ടായിരത്തിലേറെപ്പേർ ലൈക്ക് ചെയ്ത പോസ്റ്റ് അഞ്ഞൂറിലേറെപ്പേർ വീണ്ടും പങ്കു വച്ചിരുന്നു.

ജില്ലാ കലക്ടർ എന്ന നിലയിൽ ടി.വി. അനുപമയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന തരത്തിലാണു കുറിപ്പിനു ലഭിച്ച കമന്റുകൾ. ഇംഗ്ലിഷ് കവയിത്രി നിഖിത ഗില്ലിന്റെ കവിത ആസ്പദമാക്കി സുഹൃത്ത് പോസ്റ്റ് ചെയ്ത കുറിപ്പ് വെള്ളിയാഴ്ച രാത്രിയാണു കലക്ടർ ടി.വി. അനുപമ പങ്കു വച്ചത്. തോൽപ്പിക്കാനും മുറിവേൽപ്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷേ, ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്നാണു പോസ്റ്റ്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ നിലം നികത്തൽ പൂർവ സ്ഥിതിയിലാക്കുന്നതിനു മുന്നോടിയായാണു വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കു നോട്ടിസ് നൽകിയത്. നോട്ടിസിലെ സർവേ നമ്പറിൽ പിഴവു വന്നതോടെ ജില്ലാ കലക്ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.