Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള പരിഷ്കരണ വിജ്ഞാപനം 31ന് മുൻപ്; നഴ്സുമാരുടെ സമരം മാറ്റി

Nurses Strike

തിരുവനന്തപുരം / കൊച്ചി ∙ നഴ്സുമാർ ഉൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം 31നു മുൻപു പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. സമരം പ്രഖ്യാപിച്ച നഴ്സസ് സംഘടനാ പ്രതിനിധികളെ സർക്കാർ യോഗതീരുമാനം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലും പ്രശ്നത്തിൽ ഹൈക്കോടതി മധ്യസ്ഥത വഹിക്കുന്നതിനാലും ഇന്നു തുടങ്ങാനിരുന്ന സമരം തൽക്കാലം മാറ്റിവച്ചതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. 

ശമ്പള പരിഷ്കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബർ 16ന് പുറപ്പെടുവിച്ചതാണ്. ഇതിന്റെ നടപടികൾ എത്രയുംവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പ്രതിമാസവേതനം കുറഞ്ഞത് 20,000 രൂപയെന്ന് ഉറപ്പുവരുത്തും. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സർക്കാർ നേരത്തേ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ എടുത്ത തീരുമാനപ്രകാരമാണു വേതനപരിഷ്കരണം നടപ്പാക്കുന്നത്. 

ചേർത്തല കെവിഎം ആശുപത്രിയിലെ പ്രശ്നം പരിഹരിക്കുന്നതിനു ലേബർ കമ്മിഷണർ ഇന്നു ചർച്ചനടത്തും. മിനിമം വേജസ് കമ്മിറ്റി ഇന്നുതന്നെ യോഗം ചേർന്നു വേതന പരിഷ്കരണത്തിനുള്ള തുടർനടപടി സ്വീകരിക്കും. യോഗത്തിൽ മന്ത്രി കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി പോൾ ആന്റണി, തൊഴിൽ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ലേബർ കമ്മിഷണർ എ.അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. രോഗികളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയതുകൊണ്ടു കൂടിയാണു സമരത്തിൽനിന്നു തൽക്കാലം പിന്മാറുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ വിശദീകരിച്ചു.