Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 25 അംഗ സംഘം; സംഘത്തലവന് ശമ്പളം ഒന്നേകാൽ ലക്ഷം രൂപ

social-media

തിരുവനന്തപുരം∙ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ‌ 25 അംഗ പ്രഫഷനൽ സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനം. സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളം ഒന്നേകാൽ ലക്ഷം രൂപ! സംഘത്തെ കുടിയിരുത്താൻ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കുന്നതിനു ഭരണാനുമതിയായി.

സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി ആവർത്തിച്ചെങ്കിലും ഒഴിവാക്കാവുന്ന ചെലവുകൾപോലും നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണിത്. നേട്ടങ്ങൾ പ്രചരിപ്പിക്കാനും അറിയിപ്പുകൾ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യൽ മീഡിയ സംഘവും മന്ത്രിമാർക്ക് പിആർഒമാരും ഇപ്പോഴുണ്ട്. സർക്കാർ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പര വേറെയും. ഇതിനൊക്കെ പുറമെയാണു പ്രതിമാസം 41 ലക്ഷം രൂപ ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള പടയെ സർക്കാർ രംഗത്തിറക്കുന്നത്.

പാർട്ടിയുടെ സൈബർ പോരാളികളും ഫെയ്സ്ബുക്കിലെ ന്യായീകരണ പ്രമുഖരും കരാർ നിയമനം തരപ്പെടുത്താൻ രംഗത്തിറങ്ങിക്കഴിഞ്ഞു. ടീം ലീഡർക്കു കീഴിൽ പ്രവർത്തിക്കുന്ന സംഘത്തിൽ നാലു കണ്ടന്റ് മാനേജർമാരുണ്ടാകും. ഇവർക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പർമാർക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകൾക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാർക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.

കണ്ടന്റ് ഡവലപ്മെന്റ് വെണ്ടർമാർക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടർമാർക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ൻ വെണ്ടർമാർക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളിൽ നിന്ന് എഴുത്തുകൾ, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങൾ ശേഖരിച്ചു മറിച്ചു വിൽക്കുന്ന കമ്പനികൾക്കു 10 ലക്ഷം രൂപ നൽകി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണങ്ങൾക്കും മറ്റുമായി സർക്കാരിനു കീഴിൽ തന്നെ പബ്ലിക് റിലേഷൻസ് വകുപ്പും അതിൽ ആവശ്യത്തിനു ജീവനക്കാരുമുള്ളപ്പോഴാണു ലക്ഷങ്ങൾ പ്രതിഫലം നൽകിയുള്ള കരാർ നിയമനം.

related stories