Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി: പെൻഷൻ പ്രായം 60 ആക്കണമെന്നു മുഖ്യമന്ത്രി; ആലോചിക്കാൻ സമയം വേണമെന്നു ഘടകകക്ഷികൾ

Pinarayi Vijayan

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ആലോചിക്കാൻ സമയം വേണമെന്നു സിപിഐ അടക്കമുള്ള കക്ഷികൾ. മന്ത്രിസഭായോഗം ഇനി ചേരുന്ന ബുധനാഴ്ചയ്ക്കു മുമ്പു നിലപാടു വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി മറുപടി നൽകി.

മന്ത്രി എ.കെ. ശശീന്ദ്രന്റെ അസാന്നിധ്യത്തിൽ അദ്ദേഹം കൈമാറിയ കുറിപ്പുകൂടി വച്ചാണു പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞത്. കെഎസ്ആർടിസി നവീകരണത്തെക്കുറിച്ചു പഠിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ മുഖ്യ നിർദേശങ്ങളിലൊന്നും ഇതാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബാങ്കുകളുടെ കൺസോർഷ്യം 3300 കോടി രൂപ കോർപറേഷന്റെ നവീകരണത്തിനു നൽകുന്ന അനുകൂല സാഹചര്യത്തിൽ കോർപറേഷനെ രക്ഷപ്പെടുത്താൻ ഇതു വേണ്ടിവരും. എതിർപ്പുകൾക്കിടയുണ്ടെങ്കിലും കോർപറേഷന്റെ പ്രതിസന്ധി അതിരൂക്ഷമാണ്. അതു മറികടക്കാൻ പല വഴികളും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതും– മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അസാന്നിധ്യത്തിൽ പാർട്ടിക്കു നേതൃത്വം നൽകിയ പന്ന്യൻ രവീന്ദ്രൻ തിരക്കിട്ട് അഭിപ്രായം പറയാൻ കഴിയില്ലെന്നു വ്യക്തമാക്കി. പാർട്ടിയിൽ ചർച്ചചെയ്യണമെന്ന പന്ന്യന്റെ അഭിപ്രായം മറ്റു പാർട്ടികളും പ്രകടിപ്പിച്ചു. പൊതുധാരണ രൂപപ്പെട്ടാൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. സുശീൽഖന്ന റിപ്പോർട്ടിലെ മറ്റു നിർദേശങ്ങളൊന്നും മുഖ്യമന്ത്രി അവതരിപ്പിച്ചില്ല.

പെൻഷൻ പ്രായവർധന അനുവദിക്കില്ല: എഐവൈഎഫ്

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം കൂട്ടാനുള്ള നീക്കം ഇടതുമുന്നണി അംഗീകരിക്കരുതെന്ന് എഐവൈഎഫ്. സർക്കാരിൽ ചെറുപ്പക്കാർക്കുള്ള വിശ്വാസം കുറയ്ക്കാനേ ഇത് ഉപകരിക്കൂ. അഡ്വൈസ് മെമ്മോ ലഭിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ജോലി കാത്തിരിക്കുമ്പോഴാണ് ഈ നീക്കം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.

പെൻഷനു പ്രതിമാസം വേണ്ടത് 60 കോടി

പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം കെഎസ്ആർടിസി മാനേജ്മെന്റും ധനകാര്യ, ഗതാഗത വകുപ്പു തലവന്മാരും കുറേനാളായി സർക്കാരിനു മുന്നിൽ വയ്ക്കുന്നുണ്ട്. 38,000 പെൻഷൻകാർക്കായി 60 കോടിയാണു പ്രതിമാസം പെൻഷൻ ഇനത്തിൽ കെഎഎസ്ആർടിസിക്കു വേണ്ടിവരുന്നത്. പ്രായം 60 ആക്കിയാൽ നാലുവർഷത്തേക്കു നിലവിലെ ബാധ്യത കൂടില്ല.