Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന നിലയിൽ

Bhopal-Murder ജി.കെ. നായർ, ഗോമതി

ഭോപ്പാൽ∙ മലയാളിയായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നർമദ ഗ്രീൻവാലി കോളനിയിൽ താമസിക്കുന്ന പാലക്കാട് തച്ചനാട്ടുകര അരിയൂർ നായാടിപ്പാറ മുണ്ടാരത്തു വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (ജി.കെ നായർ–74), ഭാര്യ റിട്ട. നഴ്സ് അരിയൂർ പരിയാരത്ത് ഗോമതി (63) എന്നിവരാണു മരിച്ചത്.

കഴുത്തിനു വെട്ടേറ്റ നിലയിൽ വീടിന്റെ മുകൾ നിലയിലെ കിടപ്പു മുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്നുച്ചയ്ക്ക് 12.30ന് സുഭാഷ് നഗർ ശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ: പ്രശോഭ, പ്രതിഭ, പ്രിയങ്ക. മരുമക്കൾ: പരേതനായ അജയ് നായർ, സഞ്ജീവ് നായർ, മുകേഷ് നായർ. 

രാവിലെ ഏഴോടെ വീട്ടിലെത്തിയ ജോലിക്കാരി വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളായ മലയാളി കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. വാതിൽ തുറക്കാൻ പലവട്ടം ശ്രമിച്ചു പരാജയപ്പെട്ട ഇവർ, ടെറസിലൂടെ വീടിനുള്ളിൽ കടന്നപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. ടെറസിലേക്കുള്ള വാതിൽ തുറന്ന നിലയിലായിരുന്നു. 

ആഭരണങ്ങളുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയ പൊലീസ്, വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിനു പിന്നിലെന്നു സൂചിപ്പിച്ചു. അടുത്തിടെ ജോലിയിൽ നിന്നു പിരിച്ചുവ‌ിട്ട വീട്ടു ജോലിക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ ഗോപാലകൃഷ്ണൻ നായരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ആക്രമി തൂണിലൂടെ ടെറസിലേക്കു പിടിച്ചു കയറിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

കേസന്വേഷണത്തിന് ഭോപ്പാൽ അവധ്പുരി പൊലീസ് പ്രത്യേക സംഘത്തിനു രൂപം നൽകി. പ്രതികളെക്കുറിച്ചു വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

related stories