Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്യൂട്ടർ വിരോധത്തിന്റെ കാലംകഴിഞ്ഞു: സ്പീക്കർ

P. Sreeramakrishnan

ന്യൂഡൽഹി∙ കംപ്യൂട്ടറിനോടുള്ള പ്രത്യയശാസ്ത്രപരമായ വിരോധത്തിന്റെ കാലം അവസാനിച്ചെന്നും എംഎൽഎമാർക്ക് അവ ഉപയോഗിക്കാൻ അറിയാത്തതിന്റെ മാനസിക തടസ്സമാണുള്ളതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ‍. ഡിജിറ്റൽ സംവിധാനത്തിലൂടെ സഭയിൽ ചോദ്യങ്ങൾ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയെങ്കിലും പത്തോ പതിനഞ്ചോ പേർ മാത്രമാണ് അതു പ്രയോജനപ്പെടുത്തുന്നത്.

നിയമസഭയിൽ ഡിജിറ്റൽ സംവിധാനം പൂർണമായി പ്രയോജനപ്പെടുത്തിയാൽ പ്രതിവർഷം 40 കോടിരൂപ വരെ ലാഭിക്കാനാവും. എംഎൽഎമാരുടെ ഇരിപ്പിടത്തിലേക്കു ധാരാളം കടലാസുകെട്ടുകൾ വരുന്ന സ്ഥിതിയാണുള്ളത്. പകരം ഇരിപ്പിടത്തിനു മുന്നിലും മുറിയിലും മൊബൈൽ ഫോണിലും രേഖകൾ ലഭ്യമാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ, പരിശീലന പരിപാടികൾ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല.

മൊബൈൽ ഫോൺ ഉപയോഗിക്കാനും ആദ്യം പലർക്കും താൽപര്യമില്ലായിരുന്നു. മാതൃഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കാമെന്ന സ്ഥിതിയായതോടെ മാറ്റം വന്നിട്ടുണ്ട്. ഒറ്റയടിക്കു മാറ്റമുണ്ടാവില്ല. മൂന്നു വർഷംകൊണ്ടെങ്കിലും അതു സാധ്യമാക്കാനാവും.

നിയമസഭയെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സഭയാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രാലയത്തിനു സ്പീക്കർ കൈമാറി. ഏകദേശം 40 കോടിരൂപയാണു കേന്ദ്രസഹായമായി പ്രതീക്ഷിക്കുന്നത്. ഒരു തുണ്ടു കടലാസുപോലും ഉപയോഗിക്കാത്ത രീതിയിലേക്കു കാര്യങ്ങൾ മാറ്റുകയാണു ലക്ഷ്യം.

ഓൺലൈൻ ജനാധിപത്യ സർവകലാശാല, സ്കൂൾ ഓഫ് ഗവേണൻസ് തുടങ്ങിയ പദ്ധതികളും ഉദ്ദേശിക്കുന്നുണ്ടെന്നു സ്പീക്കർ പറഞ്ഞു. കേരളത്തിൽ വേണ്ടത്ര ടിവി ചാനലുകളുള്ളതിനാൽ നിയമസഭയ്ക്കു പ്രത്യേകമായി ചാനൽ‍ ഉദ്ദേശിക്കുന്നില്ല. ലോക്സഭാ ടിവിയുമായി സഹകരിച്ചു പ്രധാന ചർച്ചകൾ സംപ്രേഷണം ചെയ്യാനുള്ള പദ്ധതി മുന്നോട്ടുപോയിട്ടില്ല.

നിയമസഭയിലെ കയ്യാങ്കളിയുടെ പേരിലുള്ള കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്പീക്കർ ന്യായീകരിച്ചു. സഭയുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം സ്പീക്കറുടേതാണ്. മുൻസ്പീക്കർ ശിക്ഷ കൊടുത്തതാണ്. പിന്നീടു സ്പീക്കറുടെയോ സഭയുടെയോ അനുമതിയില്ലാതെയാണു കേസുണ്ടായത് – ശ്രീരാമകൃഷ്ണൻ പറഞ്ഞു.

related stories