Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകലും രാത്രിയും വെവ്വേറെ വൈദ്യുതി വിതരണം; ഊർജനയം ഉടൻ

mm-moni

ഷൊർണൂർ∙ പകൽ സൗരോർജ വൈദ്യുതിയും രാത്രി ജലവൈദ്യുതിയും വിതരണം ചെയ്യുന്ന രീതിയിലുള്ള ഊർജ നയ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു മന്ത്രി എം.എം മണി. മുന്നണിക്കകത്തു നിന്നും പുറത്തു നിന്നും എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്നു തിരിച്ചറിയുന്നുവെന്നും മന്ത്രി പറ‍ഞ്ഞു. 

ഷൊർണൂർ കുളപ്പുള്ളിയിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാതിരുന്നാൽ ചരിത്രം കേരളത്തെ മണ്ടന്മാരെന്നു രേഖപ്പെടുത്തും. കൈ നനയാതെ മീൻ പിടിക്കണമെന്ന മനോഭാവമാണു കേരളത്തിലെ ജനങ്ങൾക്ക്. നാലു പ്ലക്കാർഡും കൊണ്ടു വന്ന് എല്ലാം മുടക്കും. മുന്നണിക്കകത്ത് പദ്ധതിയെ എതിർക്കുന്നവരുണ്ട്. പുറത്തു കോൺഗ്രസ് എതിർക്കുന്നു. 

സാധ്യമായ എല്ലാ ചെറുകിട ജലവൈദ്യുത പദ്ധതികളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്കു പരിഹാരം തേടും. നിലവിൽ 150 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിലൂടെ ലഭിക്കുന്നുണ്ട്. പുതിയ നിർമിതികൾക്കും സർക്കാർ കെട്ടിടങ്ങൾക്കും സോളർ പാനൽ സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിലൂടെ 500 മുതൽ 600 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടുനിരക്ക്, രണ്ട് മീറ്റർ

സൗരോർജ വൈദ്യുതിയും ജലവൈദ്യുതിയും രണ്ടു നിരക്കുകളിൽ വിതരണം ചെയ്യാനാണു കരട് ഊർജ നയത്തിലെ നിർദേശമെന്നു സൂചന. വീടുകളിൽ സൗരോർജ പദ്ധതിക്കും ജലവൈദ്യുതി പദ്ധതിക്കുമായി രണ്ടു മീറ്ററുകൾ വരും. സംഭരിക്കാതെയായിരിക്കും സൗരോർജം വിതരണം ചെയ്യുക. ഇതിനു വില കുറയും. ജലപദ്ധതികളിൽ നിന്നുള്ള വൈദ്യുതി വ്യവസായ മേഖലയ്ക്കു വിതരണം ചെയ്യും. 

related stories