Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം: ജാഗ്രത പാലിക്കാൻ നിർദേശം

Low-Pressure-Cyclonic-Cirulation-Weather-Climante-Sea

തിരുവനന്തപുരം∙ കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ജാഗ്രതാ നിർദേശം നൽകിയ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പാക്കാനും ഇതിനകം പുറംകടലിൽ പോയവരെ തിരിച്ചെത്തിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദം ഇന്നു ശക്തി പ്രാപിച്ച് പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു

മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ട്. കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും തിരമാലകൾ 3.2 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലദ്വീപിനു സമീപവും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ നാളെ വരെ മത്സ്യബന്ധനം നടത്തരുത് എന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

മുന്നറിയിപ്പു നൽകിയിട്ടും 30 ബോട്ടുകൾ മൽസ്യബന്ധനത്തിനു പോയതായി സർക്കാരിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 25 എണ്ണം കൊല്ലത്തു നിന്നും അഞ്ചെണ്ണം തിരുവനന്തപുരത്തു നിന്നുമാണ്. കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ മൽസ്യബന്ധനം നടത്തുന്ന ഇവരെ തിരിച്ചെത്തിക്കാൻ തീര, നാവിക സേനകളുടെ സഹായം തേടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു വീണ്ടും അവലോകന യോഗം ചേരും.

related stories