Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരേന്ദ്രകുമാറും വി.മുരളീധരനും ബാബുപ്രസാദും രാജീവ് ചന്ദ്രശേഖറും പത്രിക നൽകി

തിരുവനന്തപുരം / മുംബൈ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി ജനതാദൾ നേതാവ് എം.പി.വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർഥിയായി ഡി.ബാബു പ്രസാദും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി വി.കെ.ബാബു പ്രകാശ് മുൻപാകെയാണു പത്രിക നൽകിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കേരളഘടകം മുൻ അധ്യക്ഷനുമായ വി.മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ‍ കർണാടകയിൽനിന്നും പത്രിക നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ എന്നിവർക്കും ഘടകകക്ഷി നേതാക്കൾക്കും ഇടത് എംഎൽഎമാർക്കും ഒപ്പമെത്തിയാണു വീരേന്ദ്രകുമാർ പത്രിക നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് ഘടകകക്ഷി നേതാക്കളായ എം.കെ.മുനീർ, അനൂപ് ജേക്കബ് എന്നിവർക്കും പ്രതിപക്ഷ എംഎൽഎമാർക്കും ഒപ്പമാണു ബാബു പ്രസാദ് എത്തിയത്. രണ്ടു സെറ്റ് പത്രികകൾ വീതം ഇരുവരും സമർപ്പിച്ചു. ഇന്നു സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 15. തിരഞ്ഞെടുപ്പ് 23ന്.

എംഎൽഎമാരുടെ അംഗസംഖ്യ അനുസരിച്ചു വീരേന്ദ്രകുമാർ ജയിക്കും. സമദൂരം തുടരുന്ന മാണി വിഭാഗത്തിന്റെ നിലപാടു ശ്രദ്ധേയമാകും. 18നു ചേരുന്ന പാർട്ടി നേതൃയോഗം രാജ്യസഭ, ചെങ്ങന്നൂർ തിരഞ്ഞെടുപ്പുകളിലെ നിലപാടു തീരുമാനിക്കുമെന്നാണു കേരള കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. വി.മുരളീധരൻ മത്സരിക്കുന്ന മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ, കോൺഗ്രസിൽ നിന്ന് എൻഡിഎ പാളയത്തിലെത്തിയ നാരായൺ റാണെ എന്നിവരാണു മറ്റു ബിജെപി സ്ഥാനാർഥികൾ.

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയായി മുതിർന്ന മാധ്യമ പ്രവർത്തകൻ കുമാർ കേത്കർ പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ അഞ്ചു പേരാണു കർണാടകയിൽ മൽസരരംഗത്തുള്ളത്. കോൺഗ്രസിനായി ഡോ. എൽ.ഹനുമന്തയ്യ, ഡോ. സയദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നിവരും ഇന്നലെ പത്രിക നൽകി. നിലവിൽ സ്വതന്ത്ര എംപിയായ രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. മംഗളൂരുവിൽ നിന്നുള്ള വ്യവസായി കൂടിയായ ജനതാദൾ– എസ് സ്ഥാനാർഥി ബി.എം.ഫാറൂഖ് കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു.

related stories