Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഗുകാർ 44 പേരെ കൊന്നിട്ടുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ

kt-jaleel-1

തിരുവനന്തപുരം∙ സംസ്ഥാനത്തു മുസ്‌ലിംലീഗുകാർ 44 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നു നിയമസഭയിൽ മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം. കൊല്ലപ്പെട്ടവരുടെ പട്ടിക സഭയുടെ മേശപ്പുറത്തു വയ്ക്കാൻ തയാറാണെന്നും ജലീൽ വ്യക്തമാക്കി. ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലുണ്ടായ ജലീലിന്റെ ആരോപണത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷം ആരോപണങ്ങൾ രേഖയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആലോചിക്കാമെന്നും പട്ടിക ആവശ്യമുള്ളവർക്കു ജലീൽ നേരിട്ടു നൽകിയാൽ മതിയെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദേശിച്ചു.

സിപിഎം ഉള്ളിടത്തെല്ലാം മുസ്‌ലിംകൾ അരക്ഷിതരാണെന്നു കഴിഞ്ഞദിവസം കെ.എം.ഷാജി ഉന്നയിച്ച ആരോപണത്തിനെതിരെയായിരുന്നു ജലീലിന്റെ തിരിച്ചടി. ലീഗ് 44 പേരെ കൊന്നിട്ടുണ്ടെങ്കിൽ ഒരു പതിറ്റാണ്ടിലേറെ ലീഗിലുണ്ടായിരുന്ന കെ.ടി.ജലീൽ അതിൽ എത്ര കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നു വി.കെ.ഇബ്രാഹിംകുഞ്ഞ് ചോദിച്ചു. നാദാപുരത്തു രണ്ടു ലീഗുകാർ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാനത്തുടനീളം തന്നോടൊപ്പം കെ.ടി.ജലീൽ പര്യടനം നടത്തി സിപിഎമ്മിനെതിരെ പ്രസംഗിച്ചത് ഓർക്കുന്നുണ്ടോ എന്നായി എം.കെ.മുനീർ.

എം.ഉമ്മർ, പി.ഉബൈദുല്ല എന്നിവർ ജലീലിന്റെ ആരോപണം നീക്കണമെന്നു ക്രമപ്രശ്നം ഉന്നയിച്ചു. എപി സുന്നി, ഇപി സുന്നി വിഭാഗങ്ങൾ തമ്മിലെ സാമുദായിക സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ പേരുകളാണു ജലീൽ പറയുന്നതെന്നും അവയ്ക്കു ലീഗുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആരോപണം സഭാരേഖകളിൽനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരിശോധിച്ചശേഷം തീരുമാനം എടുക്കാമെന്നു സ്പീക്കർ വ്യക്തമാക്കി.

തലശ്ശേരി കലാപം നടക്കുമ്പോൾ മെരുവമ്പായി പള്ളിയെ സംരക്ഷിക്കുന്നതിനിടെയാണു സിപിഎം നേതാവ് യു.കെ.കുഞ്ഞിരാമൻ കൊല്ലപ്പെട്ടതെന്ന പ്രചാരണം ശരിയല്ലെന്നും പിന്നീടു കള്ളുഷാപ്പിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു മരണമെന്നും പി.ടി.തോമസ് പറഞ്ഞതിനെതിരെ ഭരണപക്ഷത്തുനിന്നു പ്രതിഷേധമുയർന്നു. ആർഎസ്എസിനെ ന്യായീകരിക്കാനുള്ള നീക്കമാണു പി.ടി.തോമസിന്റേതെന്നും ഇത്തരം ആരോപണം മുൻപ് ആർഎസ്എസ് പോലും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കുഞ്ഞിരാമനും സംഘവും രാത്രി കാവൽ നിന്നതു കാരണം അന്ന് ആർഎസ്എസുകാർക്കു മെരുവമ്പായി പള്ളി തകർക്കാനായില്ല. പുലർച്ചെ കുഞ്ഞിരാമൻ വീട്ടിലേക്കു മടങ്ങുമ്പോൾ പതുങ്ങിയിരുന്ന് ആക്രമിച്ചാണു കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

related stories