Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുവണ്ടി മേഖലയോട് കടുത്ത അവഗണനയെന്നു പ്രതിപക്ഷം; സഭ വിട്ടിറങ്ങി

cashew

തിരുവനന്തപുരം∙ കശുവണ്ടി മേഖലയോടു സംസ്ഥാന സർക്കാരിനു കടുത്ത അവഗണനയാണെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തോട്ടണ്ടി ദൗർലഭ്യം പരിഹരിക്കാൻ രണ്ടര ലക്ഷം കശുമാവിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

എന്നാൽ കശുവണ്ടി വികസന കോർപറേഷൻ, കാപ്പക്‌സ്, സ്വകാര്യ മേഖലയിലെ ഫാക്ടറികൾ എന്നിവ അടഞ്ഞു കിടക്കുന്നതു മൂലം തൊഴിലാളികൾ പട്ടിണിയിലായതു കണക്കിലെടുത്തു 10,000 രൂപ വീതം ആശ്വാസധനം അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.  

രണ്ടു ലക്ഷത്തിലേറെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. സർക്കാർ വാഗ്ദാനങ്ങളൊന്നും പ്രയോജനം ചെയ്യുന്നില്ല. കണ്ണൂർ, കാസർകോട് ജില്ലകളിലെ തോട്ടണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഭരിച്ചു സ്വകാര്യ മുതലാളിമാർക്കു നൽകിയതായി അടൂർ പ്രകാശ് ആരോപിച്ചു. കശുവണ്ടി തൊഴിലാളികൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങൾ പഠിക്കാൻ ഇഎസ്‌ഐ കോർപറേഷൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇഎസ്‌ഐ ആനുകൂല്യം സാധ്യമായ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കും. 82,000 തൊഴിലാളികളാണ് ഇഎസ്‌ഐ പരിധിയിലുള്ളത്. കാഷ്യൂ ബോർഡിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കും. വിദേശങ്ങളിൽ നിന്നടക്കം തോട്ടണ്ടി എത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. സ്വകാര്യ മുതലാളിമാരുടെ ബാങ്ക് വായ്പയിലെ ജപ്തി നടപടികളുമായി ബന്ധപ്പെട്ടു റിസർവ് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നു മേയ് 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

വനമേഖലയടക്കം 4250 ഹെക്ടർ പ്രദേശത്തു കശുമാവു കൃഷി ചെയ്യാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ന്യൂ ഗാർഡൻസ് സ്‌കീമിൽപെടുത്തി 2,000 ഹെക്ടർ സ്ഥലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ തരിശുഭൂമിയായി കിടക്കുന്ന 1000 ഹെക്ടർ സ്ഥലത്തും കൃഷി ചെയ്യാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിശ്ചിത കാലത്തിനകം വിളവെടുക്കാൻ കഴിയുന്ന മുന്തിയ ഇനം തൈകൾ നൽകും.  കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടു വാണിജ്യ നികുതി വകുപ്പിന്റെ റവന്യു റിക്കവറി നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചതായി മന്ത്രി തോമസ് ഐസക് അറിയിച്ചു.

കശുവണ്ടി മേഖലയെക്കുറിച്ചുള്ള തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ഇടതുമുന്നണി ഓർമിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും പതനത്തിലാണ് ആ മേഖല . വിരമിച്ചവർക്കു ഗ്രാറ്റുവിറ്റി വിഹിതം പോലും കൊടുക്കുന്നില്ല. കാപ്പക്‌സ് ഫാക്ടറികൾ അടഞ്ഞു കിടക്കുമ്പോൾ ഉന്നതർക്കു സഞ്ചരിക്കാൻ ആഡംബര കാറുകൾ ഈയിടെ വാങ്ങി. കാഷ്യു ബോർഡ് വെള്ളാനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എം.കെ.മുനീർ, അനൂപ് ജേക്കബ്, പി.ജെ.ജോസഫ് എന്നിവരും പ്രസംഗിച്ചു.