Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണി ബന്ധം: ബിഡിജെഎസ് നിർണായക യോഗം ഇന്ന്

bdjs-bjp-logo

ആലപ്പുഴ ∙ എൻഡിഎ മുന്നണിയോടുള്ള നിലപാടുകൾ ചർച്ച ചെയ്യുന്നതിനു ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ഇന്നു കണിച്ചുകുളങ്ങരയിൽ. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം എൻഡിഎയിൽ തുടരണോ എന്നും ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിലെ നിലപാടുകളും ചർച്ച ചെയ്യും.

രാവിലെ സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്ത ശേഷമായിരിക്കും സംസ്ഥാന കമ്മിറ്റി ചേരുന്നത്. ബിജെപിയുമായുള്ള ബന്ധം സംബന്ധിച്ചു പുനരാലോചന നടത്തണമെന്നു ബിഡിജെഎസ് ജില്ലാ നേതൃത്വം അഭ്യർഥിച്ചിരുന്നു. ഇന്നലെ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതാക്കളുമായും ഘടക കക്ഷി നേതാക്കളുമായും ആശയ വിനിമയം നടത്തിയിരുന്നു.

കേന്ദ്രഭരണം നാലു വർഷം പിന്നിട്ടിട്ടും സ്ഥാനങ്ങൾ സംബന്ധിച്ച വാഗ്ദാനം ബിജെപി പാലിച്ചില്ലെന്നാണു ബിഡിജെഎസിന്റെ പരിഭവം. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു ബോർഡ് കോർപറേഷൻ പദവികൾ സംബന്ധിച്ച വാഗ്ദാനം പാലിക്കണമെന്നും കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ബിഡിജെഎസ് മുന്നണി വിടില്ല : കുമ്മനം

ബിഡിജെഎസ് എൻഡിഎ വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. കേരളത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണു ബി‍ഡിജെഎസ് വഹിച്ചിട്ടുള്ളത്. ബി‍ഡിജെഎസിനു കേന്ദ്ര പദവികൾ കിട്ടുന്നതിൽ ബിജെപി കേരള ഘടകത്തിനു വിയോജിപ്പ് ഇല്ല.