Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയിൽ നിന്നും വീരേന്ദ്രകുമാർ ‘സ്വതന്ത്രനാ’കേണ്ടി വരും; അല്ലെങ്കിൽ അയോഗ്യത

MP Veerendrakumar

തിരുവനന്തപുരം∙ എം.പി.വീരേന്ദ്രകുമാർ ‘സ്വതന്ത്രനായി’ രാജ്യസഭയിലെത്തുന്നതോടെ കേരളത്തിൽ‍ ജനതാദൾ(യു) സംസ്ഥാന അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടിവരും. രാജ്യസഭയിലെ ശേഷിക്കുന്ന നാലു വർഷത്തോളം ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനു വിലക്കുള്ളതാണു കാരണം. രാജ്യസഭാംഗത്വം അസാധാരണമായി രാജിവച്ചശേഷം വീണ്ടും അതേ ഒഴിവിൽ സ്ഥാനാർഥിയാകുകയെന്ന അപൂർവതയ്ക്കൊപ്പം ഈ പ്രശ്നവും അദ്ദേഹവും പാർട്ടിയും നേരിടേണ്ടി വരുന്നു.

ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്നതനുസരിച്ചു നിലവിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമായി എംപിയോ എംഎൽഎയോ ആകുന്നവർ സ്വയം ആ പാർട്ടിയിൽ നിന്നുമാറി മറ്റൊന്നിന്റെ ഭാഗമായാൽ അയോഗ്യത നേരിടേണ്ടിവരും. സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നവർക്കും ഇതു ബാധകമാണ്.

അതേസമയം രാജ്യസഭയിലേക്കു സ്വതന്ത്രനായി നാമനിർദേശം ചെയ്യപ്പെടുന്നവർക്ക് ആറുമാസത്തിനു ശേഷം രാഷ്ട്രീയപ്പാർട്ടിയിൽ ചേരാൻ തടസ്സമില്ല. ദേശീയതലത്തിൽ നിതീഷ്കുമാർ അധ്യക്ഷനായ ജനതാദളി(യു)നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ളത്. കമ്മിഷന്റെ വിധിക്കെതിരെ കോടതിയെ ശരദ് യാദവ് വിഭാഗം സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല.

ഇതിനിടെ സമാജ് വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ചില നീക്കങ്ങൾ സമാന്തരമായി ശരദ് യാദവ് തുടങ്ങിവച്ചുവെങ്കിലും അതും പൂർത്തിയായില്ല. ഈ ഘട്ടത്തിൽ തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെയാണു വീരേന്ദ്രകുമാർ പ്രതിസന്ധിയിലായത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ള പാർട്ടിയുടെ ഭാഗമല്ലാത്തതിനാൽ അദ്ദേഹത്തിനു സ്വതന്ത്രനായി പത്രിക നൽകാനേ കഴിയുമായിരുന്നുള്ളൂ. സ്വതന്ത്രനായി രാജ്യസഭാംഗമായാൽ പിന്നീട് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. വൈകിയാണ് ഈ പ്രശ്നം ദളിന്റെ(യു) ശ്രദ്ധയിൽപ്പെട്ടത്.

വീരേന്ദ്രകുമാർ തന്നെ ഒഴിഞ്ഞ സീറ്റായതിനാൽ അദ്ദേഹത്തിനു തന്നെ അതനുവദിച്ചു നൽകാൻ ഇതിനിട‌െ എൽഡിഎഫ് നേതൃത്വം തീരുമാനിക്കുകയും ചെയ്തു. 2016 മാ‍ർച്ചിലാണു യുഡിഎഫ് നോമിനിയായി ആദ്യം വീരേന്ദ്രകുമാർ രാജ്യസഭയിലെത്തുന്നത്. ഈ മാസം 23 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചാൽ 2022 വരെ അദ്ദേഹത്തിനു രാജ്യസഭാ കാലാവധിയുണ്ട്. അതുവരെ പക്ഷേ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗികപദവികൾ വഹിക്കാൻ കഴിയില്ല.