Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ഉപദ്രവിച്ച കേസ്: ദൃശ്യങ്ങളൊഴികെ രേഖകൾ പ്രതിഭാഗത്തിനു ലഭിച്ചേക്കും

dileep നടൻ ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ.

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ രേഖകൾ വേണമെന്ന പ്രതിഭാഗം ആവശ്യം കോടതി ഭാഗികമായി അനുവദിച്ചു. പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ ഒഴികെയുള്ള രേഖകൾ നൽകുന്നതിൽ കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. വൈദ്യ പരിശോധനാ റിപ്പോർട്ടുകൾ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമർപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ഉപദ്രവത്തിന് ഇരയായ നടിക്കു വേണ്ടി ഹാജരാകാൻ സ്വകാര്യ അഭിഭാഷകൻ കോടതിയിൽ വക്കാലത്ത് സമർപ്പിച്ചു.

കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം, വിചാരണ അടച്ചിട്ട മുറിയിലാക്കണം, വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷയും നടിക്കു വേണ്ടി അഭിഭാഷകൻ സമർപ്പിച്ചു. കേസിലെ രേഖകൾ ആവശ്യപ്പെടുന്ന പ്രതിഭാഗത്തിന്റെ അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി 16നു പരിഗണിക്കും. വിചാരണ നടപടികൾ അനന്തമായി നീണ്ടുപോവാൻ ഇടവരുത്തരുതെന്നു പ്രതിഭാഗത്തോടു കോടതി നിർദേശിച്ചു.

കേസിലെ ഒന്നു മുതൽ പത്തു വരെ പ്രതികളായ വേങ്ങൂർ എലമ്പക്കാമ്പള്ളി നെടുവേലിക്കുടിയിൽ സുനിൽകുമാർ (പൾസർ സുനി), കൊരട്ടി തിരുമുടിക്കുന്ന് പൗവ്വത്തുശ്ശേരിയിൽ മാർട്ടിൻ ആന്റണി, തമ്മനം മണപ്പാട്ടിപറമ്പിൽ മണികണ്ഠൻ, കതിരൂർ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പിൽ സലിം (വടിവാൾ സലിം), തിരുവല്ല പെരിങ്ങറ പഴയ നിലത്തിൽ പ്രദീപ്, കണ്ണൂർ ഇരിട്ടി പൂപ്പള്ളിയിൽ ചാർലി തോമസ്, ചലച്ചിത്ര നടൻ പി. ഗോപാലകൃഷ്ണൻ (ദിലീപ്), പത്തനംതിട്ട കോഴഞ്ചേരി സ്നേഹ ഭവനിൽ സനിൽകുമാർ (മേസ്തിരി സനിൽ), കാക്കനാട് ചെമ്പുമുക്ക് കുന്നത്തു വിഷ്‌ണു എന്നിവർ ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായി.

അഭിഭാഷകരായ പ്രതികൾ ആലുവ ചുണങ്ങുംവേലി ചെറുപറമ്പിൽ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്‌വേയിൽ പാന്തപ്ലാക്കൽ രാജു ജോസഫ് എന്നിവർ ഹാജരായില്ല. സംഭവത്തിൽ ഇവർ കുറ്റക്കാരല്ലാത്തതിനാൽ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും മറ്റു പ്രതികൾക്കൊപ്പം നിർത്തരുതെന്നും ഇവരുടെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. പ്രതികളോടു 28നു വീണ്ടും ഹാജരാവാൻ കോടതി നിർദേശിച്ചു.

related stories