Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം. സുകുമാരൻ അന്തരിച്ചു

M-Sukumaran എം.സുകുമാരൻ

തിരുവനന്തപുരം∙ വിപ്ലവ രാഷ്‌ട്രീയമൂല്യങ്ങൾക്കു രചനകളിൽ സ്‌ഥാനം നൽകിയ കഥാകൃത്തും നോവലിസ്റ്റുമായ എം. സുകുമാരൻ (75) അന്തരിച്ചു. കടുത്ത ന്യുമോണിയ ബാധിച്ചു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി ഒൻപതേകാലോടെയാണു മരണം.

ഒരാഴ്ച മുൻപ് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുൻപാണു ശ്രീചിത്രയിൽ പ്രവേശിപ്പിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന് അതിലെ അന്തശ്ഛിദ്രങ്ങൾക്കെതിരെ സർഗകലാപം നടത്തിയ എം.സുകുമാരൻ കുറേക്കാലമായി എഴുത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

1943ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണു ജനനം. 1976ൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കഥാസമാഹാരത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2006ൽ ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന കഥാസമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981ൽ ‘ശേഷക്രിയ’യ്ക്കും 1995ൽ ‘കഴക’ത്തിനും ലഭിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിച്ച സുകുമാരൻ കുറച്ചുകാലം ഷുഗർ ഫാക്ടറിയിലും പിന്നീടു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം അധ്യാപകനായും ജോലി ചെയ്തു. 1963ൽ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ക്ലാർക്കായി.

1974ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നു പുറത്താക്കപ്പെട്ടു. 1982ൽ കഥയെഴുത്തു നിർത്തിയതായി പ്രഖ്യാപിച്ചു. തുടർന്നു പത്തു വർഷത്തെ മൗനത്തിനുശേഷം 1992ലെ മികച്ച ചെറുകഥയ്ക്കുള്ള പി.പത്മരാജൻ പുരസ്കാരം നേടിയ ‘പിതൃതർപ്പണം’ കഥയുമായാണ് എഴുത്തിന്റെ ലോകത്തു വീണ്ടുമെത്തിയത്.

പാറ, അഴിമുഖം, ജനിതകം എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്രഗാഥ, വഞ്ചിക്കുന്നംപതി, അസുരസങ്കീർത്തനം, എം.സുകുമാരന്റെ കഥകൾ എന്നിവ കഥാസമാഹാരങ്ങളാണ്. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകളും ചലച്ചിത്രമായി. ഭാര്യ: മീനാക്ഷി. കവി രജനി മന്നാടിയാർ മകളാണ്.