Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവികസേന ഹെലികോപ്റ്റർ പാടത്തിറക്കി

helicopter യന്ത്രത്തകരാറിനെത്തുടർന്നു മുഹമ്മ കാവുങ്കൽ വടക്കേക്കരി പാടത്ത് അടിയന്തരമായി ഇറക്കിയ നാവികസേനയുടെ ‘ചേതക്’ ഹെലികോപ്ടറിനു സമീപം പൈലറ്റുമാരും നാട്ടുകാരും.

ആലപ്പുഴ∙ യന്ത്രത്തകരാറിനെ തുടർന്നു നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി പാടത്തിറക്കി. മുഹമ്മ കാവുങ്കൽ വടക്കേക്കരി പാടത്തിലാണ് ഇന്നലെ രാവിലെ 11.10നു ഹെലികോപ്റ്റർ ഇറക്കിയത്. യന്ത്രത്തകരാർ മൂലം ആകാശത്ത് അര മണിക്കൂർ വട്ടമിട്ടു പറന്ന ശേഷമായിരുന്നു അടിയന്തര ലാൻഡിങ്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റുമാരായ ലഫ്റ്റനന്റ് ബൽവീന്ദർ, ലഫ്റ്റനന്റ് കിരൺ എന്നിവർ സുരക്ഷിതരാണ്.

നാവികസേനയുടെ ദക്ഷിണ നാവിക കമാൻഡിലെ ഐഎൻ–413 ചേതക് ഹെലികോപ്റ്ററാണ് അടിയന്തരമായി പാടത്തിറക്കിയത്. രാവിലെ ഒൻപതരയ്ക്ക് ഐഎൻഎസ് ഗരുഡ നേവൽ എയർ സ്റ്റേഷനിൽനിന്നാണു ഹെലികോപ്റ്റർ യാത്ര തുടങ്ങിയത്. സ്ഥിരം പരിശീലനപ്പറക്കലിന്റെ ഭാഗമായ യാത്ര ആയിരുന്നെന്നു നാവികസേനാ വക്താവ് പറഞ്ഞു. പറന്നുയർന്ന് ഒന്നേകാൽ മണിക്കൂറിനുശേഷമാണു യന്ത്രത്തകരാർ കണ്ടെത്തിയത്. ഓയിൽ പ്രഷർ കുറഞ്ഞതായി അപായസിഗ്നൽ കണ്ടതിനെ തുടർന്നു കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു.

സുരക്ഷിതമായി ലാൻഡ് ചെയ്യാൻ നിർദേശം ലഭിച്ചു. തുടർന്നു വടക്കേക്കരി പാടത്തിൽ ഹെലികോപ്റ്റർ ഇറങ്ങുകയായിരുന്നു. പന്ത്രണ്ടരയോടെ നേവൽകമാൻഡിൽ നിന്നു രണ്ടു ഹെലികോപ്റ്ററുകളിലായി നാലു സാങ്കേതിക വിദഗ്ധരെ പാടത്തെത്തിച്ചു. തുടർന്നു കേടുപാടുകൾ തീർത്ത ശേഷം രണ്ടുമണിയോടെ ഹെലികോപ്റ്റർ തിരികെ കൊച്ചിയിലേക്കു പറന്നു. 

ഓയിൽ പ്രഷറിലെ കുറവ്: എൻജിൻ തകരാറിന്റെ സൂചന

എൻജിൻ തകരാറിലാവുന്നതിന്റെ ആദ്യലക്ഷണമാണ് ഓയിൽ പ്രഷറിലുണ്ടാവുന്ന കുറവ്. എൻജിനകത്തെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനു ലൂബ്രിക്കേഷനു വേണ്ടിയാണ് ഓയിൽ ഒഴിക്കുന്നത്. ടർബൈനുകൾ, കുഴലുകൾ, കമ്പികൾ തുടങ്ങിയവയുടെ പ്രവർത്തനം ഒഴുക്കോടെ നടക്കണമെങ്കിൽ ഇതാവശ്യമാണ്. കാറുകളിൽ എൻജിൻ ഓയിൽ കുറയുമ്പോൾ എൻജിൻ ചൂടാവുന്നതുപോലെ തന്നെയാണു ഹെലികോപ്റ്ററുകളുടെ കാര്യത്തിലും. മർദത്തിലെ കുറവു തിരിച്ചറിയാതെ ഒരുപാടു ദൂരം സഞ്ചരിച്ചാൽ എൻജിൻ ചൂടായി പൊട്ടിത്തെറിക്കാനോ പ്രവർത്തനം നിലച്ചു തകർന്നുവീഴാനോ സാധ്യതയുണ്ട്.