Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തിന്റെ സുകുമാരത

Sukumaran M

അന്തരിച്ച കഥാകൃത്ത് എം. സുകുമാരനെക്കുറിച്ച്...

ആത്മകഥയെഴുതിയാൽ രണ്ടു താളിലൊതുങ്ങുമെന്നു പറഞ്ഞ എഴുത്തിലെ നിശ്ശബ്ദകലാപകാരി മിഴിയടച്ചു; ഈ ലോകത്തോടു പണ്ടേ വിനയത്തോടെ വാതിലടച്ചതുപോലെ. സംഭവങ്ങളോ ബഹളങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ജീവിതമാണു തന്റേതെന്നു പറഞ്ഞ് എപ്പോഴും ഒഴിഞ്ഞുമാറിയ എം.സുകുമാരൻ, മലയാളകഥയിൽ മരതകത്തുരുത്തായി തിളങ്ങുന്നു.

ഇടതുപക്ഷ രാഷ്ട്രീയ ചിന്തയിലേക്ക് ആകൃഷ്ടനാകുകയും സാമൂഹിക വിപ്ലവത്തിന്റെ തീജ്വാലകൾ എഴുത്തിൽ സൂക്ഷിക്കുകയും ചെയ്ത ആദർശവാദിയായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം എഴുതിയ കഥകളിൽ ഗാന്ധിയൻ ചിന്തയോടും അടുത്തു. 1962ൽ മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മഴത്തുള്ളികൾ’ ആണ് ആദ്യകഥ.

ചിറ്റൂർ എം.സുകുമാരൻ എന്നായിരുന്നു അന്നു പേരുവച്ചത്. ആഴ്ചപ്പതിപ്പിന്റെ അന്നത്തെ പത്രാധിപർ വർഗീസ് കളത്തിലിന്റെ 20 രൂപ മണിഓർഡറുമായി പോസ്റ്റ്മാൻ വന്നപ്പോഴാണു വീട്ടുകാർ ‘കഥാകൃത്തി’നെ തിരിച്ചറിഞ്ഞത്. പിന്നെ മലയാളത്തിലെ പ്രമുഖ വാരികകളിൽ ശ്രദ്ധേയ കഥകളുമായി എം.സുകുമാരൻ മലയാള സാഹിത്യത്തിലെ തീപ്പൊരിയായി.

നക്സലൈറ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായത് എഴുത്തിനെ മാറ്റിമറിച്ചു. ഓഫിസിലെ സംഘടനാ പ്രവർത്തനത്തിൽനിന്നുള്ള അനുഭവങ്ങളുമായി 1967ൽ പാറ എന്ന ആദ്യനോവൽ. എഴുപതോളം ചെറുകഥകളെഴുതി. അവാർഡുകൾ ലഭിച്ചപ്പോഴൊന്നും എം.സുകുമാരന്റെ ഫോട്ടോ പത്രത്തിൽ വരാത്ത കാലമുണ്ടായിരുന്നു; ഫോട്ടോ ഇല്ലാഞ്ഞിട്ട്.

വിവാഹ ഫോട്ടോപോലും എടുത്തിട്ടില്ല. ഭാര്യ ജോലിയിൽനിന്നു വിരമിച്ചപ്പോൾ ഒരുമിച്ചെടുത്ത ചിത്രമാണു ‘വിവാഹ ഫോട്ടോ’യായി ആകെ കയ്യിലുള്ളത്. എഴുപതുകളിലായിരുന്നു എഴുത്തിന്റെ നല്ലകാലം. പിന്നീട് എഴുത്തു നിർത്തി. സ്വസ്ഥത കിട്ടാൻവേണ്ടി എഴുത്തു നിർത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.