Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഷുഹൈബ് വധം: ഏത് അന്വേഷണവും പറഞ്ഞത് പൊലീസ് അന്വേഷണം വഴിമാറിയാൽ മാത്രം’

പാലക്കാട്∙ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം വഴിമാറിയാൽ ഏത് ഏജൻസിയുടെ അന്വേഷണത്തിനും തയാറാണെന്നാണ് താൻ സർവകക്ഷിയോഗത്തിൽ പറഞ്ഞതെന്നു മന്ത്രി എ.കെ. ബാലൻ. യോഗത്തിന് മുൻപു താൻ ഐജിയും ജില്ലാ പൊലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. അന്വേഷണത്തിൽ സമ്മർദമില്ലെന്നും മൂന്നു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അവർ ഉറപ്പു നൽകി.

അറസ്റ്റ് ചെയ്തവർ യഥാർഥ പ്രതികളല്ല എന്നു വാദിച്ചവർ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ്. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എം. നൂർമുഹമ്മദ് അധ്യക്ഷനായി. രാവിലെ സമ്മേളനത്തിന്റെ ഉദ്ഘാടനം എം.ബി. രാജേഷ് എംപി നിർവഹിച്ചു. പെരുമ്പാവൂർ ജിഷാ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായ ഓഫിസർമാരെ എഡിജിപി ബി. സന്ധ്യ ആദരിച്ചു. തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ, ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാർ, കെപിഒഎ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്, എസ്. ശശിധരൻ, പി. ശശികുമാർ, സി.സുന്ദരൻ, ജി.ഡി. വിജയകുമാർ, എ. വിപിൻദാസ്, സി. സത്യൻ, എം.ജെ. സോജൻ, കെ.എം. സെയ്താലി എന്നിവർ പ്രസംഗിച്ചു.