Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹ. കോർ ബാങ്കിങ്: 160 കോടിയുടെ കരാറിൽ ക്രമക്കേടെന്ന്; മന്ത്രിക്കു വ്യക്തമായ മറുപടിയില്ല

kerala-bank-20

തിരുവനന്തപുരം∙ സഹകരണ ബാങ്കുകളെ ഒറ്റ ശൃംഖലയ്ക്കു കീഴിലാക്കാനുള്ള 160 കോടിയുടെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ കരാറിൽ സ്വജന പക്ഷപാതവും ക്രമക്കേടും ആരോപിച്ചു നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ആരോപണത്തിനു വ്യക്തമായ മറുപടി നൽ‌കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനു കഴിഞ്ഞുമില്ല.

കരാർ നൽകിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂവെന്നും കടകംപള്ളി പറഞ്ഞെങ്കിലും കരാർ നൽ‌കാനായി തീരുമാനമെടുത്തതിന്റെ ഉത്തരവ് വി.ഡി.സതീശൻ സഭയിൽ വായിച്ചു. പരിശോധിച്ചശേഷം പിന്നീടു സഭയിൽ മറുപടി നൽകാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിൽ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.

ഇന്ത്യൻ ഫിനാൻസ് ടെക്നോളജി ആൻഡ് അലൈഡ് സർവീസസ് (ഇഫ്ടാസ്) എന്ന കമ്പനിക്കു കോർബാങ്കിങ് നടപ്പാക്കുന്നതിനുള്ള 160 കോടിയുടെ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം വി.ഡി.സതീശനാണു ധനാഭ്യർഥന ചർച്ചയ്ക്കിടെ ഉന്നയിച്ചത്.

ഇഫ്ടാസ് റിസർവ് ബാങ്കിന്റെ ഉപകമ്പനിയാണെന്നും റിസർവ് ബാങ്കിനെ വിശ്വസിക്കുന്നെങ്കിൽ ഇഫ്ടാസിനെയും വിശ്വസിക്കണമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. കോർബാങ്കിങ് നടപ്പാക്കാൻ ഒരു കമ്പനിയുടെ പേരു മാത്രം എങ്ങനെ വന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തെന്ന ചെന്നിത്തലയുടെ ചോദ്യത്തിനും മറുപടി ഉണ്ടായില്ല.

തുടർന്നു പ്രതിപക്ഷം ഒന്നടങ്കം മന്ത്രിയുടെ വ്യക്തമായ മറുപടി തേടി ബഹളം വച്ചപ്പോൾ മന്ത്രി എന്തു മറുപടി നൽകണമെന്നു തനിക്കു പറയാൻ കഴിയില്ലെന്നായി സ്പീക്കർ. ഇതിനിടെ ഇഫ്ടാസ് സ്വകാര്യ കമ്പനിയാണെന്നു സ്ഥാപിക്കുന്ന രേഖയുമായി കെ.എസ്.ശബരീനാഥൻ സഭയിലെത്തി രമേശ് ചെന്നിത്തലയ്ക്കു കൈമാറി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എന്തുകൊണ്ടു കരാർ സ്വകാര്യ കമ്പനിക്കു കൈമാറിയെന്നും ഇതിനു പിന്നിലെ പ്രശാന്ത് നമ്പ്യാർ ആരാണെന്നും ചെന്നിത്തല ചോദിച്ചു. തന്റെ കയ്യിൽ കരാർ സംബന്ധിച്ച കടലാസ് ഇല്ലെന്നും വിശദാംശങ്ങൾ പിന്നീടു സഭയിൽ അറിയിക്കുമെന്നും കടകംപള്ളി ആവർത്തിച്ചു. തുടർന്നു പ്രതിഷേധമറിയിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഇഫ്ടാസ് റിസർവ് ബാങ്കിനു കീഴിലെ സ്ഥാപനമെന്ന് മുഖ്യമന്ത്രി

റിസർവ് ബാങ്കിനു കീഴിലെ സ്ഥാപനമാണ് ഇഫ്ടാസ് എന്നും സ്വകാര്യ സ്ഥാപനമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പുകമറ സൃഷ്ടിക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർക്ക് ആർബിഐ അയച്ച സർക്കുലറിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇഫ്ടാസിനെ ഏതോ ഒരു പ്രശാന്ത് നമ്പ്യാരുടെ കമ്പനിയാക്കി മാറ്റാനാണു പ്രതിപക്ഷത്തിന്റെ ശ്രമം. സഹകരണ ബാങ്കുകളിൽ കോർ ബാങ്കിങ് നടപ്പാക്കാൻ ഇഫ്ടാസ് ആദ്യ ഘട്ടത്തിൽ‌ അഞ്ചു ലക്ഷം രൂപ ചെലവിടുമെന്നും പിന്നീട് ഓരോ സഹകരണബാങ്കും 50,000 രൂപ വീതം നൽകണമെന്നും ആർബിഐയുടെ കത്തിൽ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

related stories