Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ബസ്സുകളില്ല: സർവീസുകൾ നിർത്തി കെഎസ്ആർടിസി

low-floor-ksrtc

ആലപ്പുഴ ∙ കടക്കെണിയിൽ വലയുന്ന കെഎസ്ആർടിസിയിൽ ബസുകൾക്കു ക്ഷാമം. പണം കൊടുക്കാത്തതിനാൽ അറ്റകുറ്റപ്പണികൾ നിലച്ചതോടെ വേനൽക്കാലത്തു പകുതിയോളം എസി ബസുകളും കട്ടപ്പുറത്ത്. പഴക്കം ചെന്ന ബസുകൾക്കു പകരം ലഭിക്കാതെ ആയതോടെ ദീർഘദൂര സർവീസുകളും നിർത്തലാക്കിത്തുടങ്ങി. അടുത്ത മാസം അഞ്ചു വർഷം പിന്നിടുന്ന 300 ബസുകൾക്കു പകരം ലഭിച്ചില്ലെങ്കിൽ അത്രയും തന്നെ ദീർഘദൂര സർ‌വീസുകൾ റദ്ദാക്കേണ്ടി വരും.

ജൻറം പദ്ധതിയുടെ ഭാഗമായി ലഭിച്ച 750 ലോഫ്ലോർ ബസുകൾ പത്തു വർഷം പിന്നിടുകയാണ്. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭിച്ച ഈ ബസുകൾ മാറ്റി നൽകുന്നതിനു നിലവിൽ പദ്ധതിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു വാങ്ങിയ ബസുകളെല്ലാം കഴിഞ്ഞ മാർച്ച് മാസത്തോടെ നിരത്തിലിറങ്ങി. പല കാരണങ്ങളാൽ ബസുകൾ വാങ്ങൽ നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

ഗതാഗത മന്ത്രി സ്ഥാനം മൂന്നു തവണയാണു മാറിയത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 1000 ബസുകൾ വാങ്ങാൻ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപടികൾ പൂർത്തിയായില്ല. 324 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും നിരത്തിൽ ബസ് ഓടിത്തുടങ്ങാൻ ഇനിയും വൈകും.

എസി ബസുകൾ കട്ടപ്പുറത്തായത് കെഎസ്ആർടിസിക്ക് ഇരുട്ടടിയായി. വോൾവോ, സ്കാനിയ കമ്പനികളുടെ ബസുകളുടെ അറ്റകുറ്റപ്പണികൾ സ്വകാര്യ ഏജൻസികളാണു ചെയ്യുന്നത്. ഇവർക്കു 50 ലക്ഷത്തിലേറെ കുടിശികയുണ്ട്. ഇതോടെ ഇവർ അറ്റകുറ്റപ്പണികൾ നിർത്തി വച്ചു. 350 ബസുകളിൽ പകുതിയോളം പല കാരണങ്ങളാൽ കട്ടപ്പുറത്താണ്.

ദീർഘദൂരം അഞ്ചു വർഷം മാത്രം

മോട്ടോർ വാഹന നിയമം അനുസരിച്ച് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് സർവീസുകൾക്ക് അഞ്ചു വർഷമാണു കാലാവധി. അടുത്ത 10 വർഷം ഈ ബസുകൾ ഓർഡിനറി സർവീസിന് ഉപയോഗിക്കാം.

related stories