Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ: 3 ലക്ഷം വരെയുള്ള കടം എഴുതിത്തള്ളും; 7.63 കോടി അനുവദിച്ചു

endosulfan-choonduviral-784x410

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങൾ എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 50,000 വരെയുള്ള കടങ്ങൾ നേരത്തേ എഴുതിത്തള്ളിയിരുന്നു. പുതുതായി എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ വന്നവരടക്കം അർഹരായ എല്ലാവർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത ധനസഹായം അടിയന്തരമായി കൊടുത്തുതീർക്കും. ഇതിനായി 30 കോടി രൂപ സർക്കാർ ലഭ്യമാക്കും. സുപ്രീം കോടതിയുടെ നിർദേശം പാലിച്ചാണ് ഈ തീരുമാനം.

പൂർണമായി കിടപ്പിലായവർക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കും മരിച്ചവരുടെ ആശ്രിതർക്കും അഞ്ചു ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുള്ളവർക്കു മൂന്നു ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മിഷൻ ശുപാർശ പ്രകാരം നൽകുന്നുണ്ട്. ദുരിതബാധിതരായ കാൻസർ രോഗികൾക്കു മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെടാത്ത ദുരിതബാധിതരുണ്ടെങ്കിൽ മാനദണ്ഡങ്ങൾ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

അഞ്ചു ഘട്ടമായുള്ള പരിശോധനയിലൂടെയാണ് അർഹരെ കണ്ടെത്തുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിൻതോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കി നശിപ്പിക്കുന്നതിനു പണം സർക്കാർ അനുവദിക്കും. ദുരിതബാധിതർക്കു വേണ്ടി പുനരധിവസ വില്ലേജ് സ്ഥാപിക്കുന്നതിന് ഉടൻ ഭരണാനുമതി നൽകും. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഇതിനു പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നു പരിശോധിക്കും.

കാസർകോട് ജില്ലയിൽ സർക്കാർ നടപ്പാക്കുന്ന എൻഡോസൾഫാൻ സഹായപദ്ധതികളും പുനരധിവാസ പദ്ധതികളും അവലോകനം ചെയ്യുന്നതിനു വിദഗ്ധസമിതിയെ നിയോഗിക്കും. മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതരെയും ബിപിഎൽ വിഭാഗത്തിൽപെടുത്തി റേഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനു കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ പല കുടുംബങ്ങളും ബിപിഎൽ പട്ടികയിൽനിന്നു പുറത്തുപോയിരുന്നു.

മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴു പഞ്ചായത്തുകളിൽ ഇപ്പോൾ ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. മൂന്നു പഞ്ചായത്തുകളിൽ ബഡ്സ് സ്കൂളിന്റെ നിർമാണം ആരംഭിച്ചു. മുഴുവൻ ബഡ്സ് സ്കൂളുകളുടെയും ചുമതല സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

ബഡ്സ് സ്കൂൾ പ്രവർത്തനം മാതൃകാപരമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിത്. ബഡ്സ് സ്കൂളുടെ പ്രവർത്തനത്തിനു സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി പോൾ ആന്റണി, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കാസർകോട് കലക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.