Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടിയിൽ താഴെ വിറ്റുവരവുള്ളവരുടെ വാറ്റ് കുടിശിക പിരിക്കില്ല: മന്ത്രി ഐസക്

thomas-issac

തിരുവനന്തപുരം ∙ ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുളള വ്യാപാരികളുടെ വാറ്റ് കുടിശിക മാത്രമേ സർക്കാർ ഇപ്പോൾ പിരിക്കുകയുള്ളൂവെന്നു മന്ത്രി തോമസ് ഐസക്. ഒരു കോടിയിൽ താഴെ വിറ്റുവരവുള്ളവർക്കായി മാപ്പാക്കൽ പദ്ധതി പ്രഖ്യാപിക്കുമെന്നും നിയമസഭയിൽ ധനബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. അടയ്ക്ക വ്യാപാരികളുടെ നികുതി കുടിശിക ഒഴിവാക്കുന്നതിനു നിയമതടസ്സമുണ്ട്. എങ്കിലും ഉചിതമായ തീരുമാനം സബ്ജക്ട് കമ്മിറ്റിയിൽ കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചതു ജനങ്ങൾക്കു ഭാരമാകുമെന്നു കരുതുന്നില്ല. ഇപ്പോൾ തന്നെ വിപണിവിലയെക്കാൾ വളരെ താഴെയാണു ന്യായവില. കുടുംബാംഗങ്ങൾ തമ്മിലെ ഭൂമിയിടപാടിനു നിരക്കു വർധിപ്പിച്ചതു വലിയ അളവിൽ ഭൂമി കൈമാറ്റം ചെയ്യുന്നവരെ മാത്രമേ ചെറുതായെങ്കിലും ബാധിക്കൂ. മദ്യനികുതിയുടെ ഘടനയിൽ മാറ്റം വരുത്തിയതു കൊണ്ടു മദ്യവില കൂടില്ല. നികുതി ഒഴികെ സർക്കാരിനു കിട്ടുന്ന വരുമാനങ്ങൾക്കെല്ലാം ആദായ നികുതി ബാധകമാണ്.

സെസ് ഇനത്തിൽ പിരിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധകമാകാതിരിക്കാനാണ് അതു കൂടി നികുതിയിനത്തിലേക്കു മാറ്റിയത്. ലൈഫ് പദ്ധതിക്കു കീഴിൽ രണ്ടര ലക്ഷം പേർക്ക് ഇൗ വർഷം തന്നെ പുതിയ വീട് നിർമിച്ചു നൽകും. പൂർത്തിയാക്കാത്ത 75,000 പേരുടെ വീടുകളുടെ നിർമാണവും ഇൗ വർഷം തീർക്കും. കിഫ്ബിയിലേക്ക് 6% പലിശയ്ക്കു വായ്പയെടുക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ധനാഭ്യർഥനകൾ പാസാക്കും മുൻപ് ധനബിൽ അവതരിപ്പിച്ചതു കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നു കെ.എസ്.ശബരീനാഥൻ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ, ധനാഭ്യർഥനകൾ പാസാക്കിയ ശേഷമേ ധനബിൽ പാസാക്കൂവെന്ന മന്ത്രിയുടെ മറുപടി സ്പീക്കർ അംഗീകരിച്ചു. ധനബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.

related stories